തിരുവനന്തപുരം : വീട്ടുവളപ്പില്‍ മൂര്‍ഖന്‍ പാമ്പിനോട് പോരാടി അതിനെ കൊന്ന വളര്‍ത്തുനായയും ചത്തത് നോവായി.വട്ടിയൂര്‍ക്കാവ് വയലിക്കട അദ്വൈതം വീട്ടില്‍ അരുണിന്റെയും നിഖിതയുടെയും വളര്‍ത്തുനായ ആണ് ചത്തത്. ലിയോ എന്ന് വിളിപ്പേരുളള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനമാണ് നായ. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.
വീടിന് സമീപത്തെ ചാക്കുകെട്ടിന് അടുത്താണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്.നായ മണം പിടിച്ച് പാമ്പിനെ കണ്ടെത്തി. തുടര്‍ന്ന് അരമണിക്കൂറോളം പാമ്പുമായി പോരാടി അതിനെ കൊന്നു. ഇതിന് ശേഷം വീട്ടുമുറ്റത്ത് കളിച്ചുനടന്ന ലിയോ അധികം വൈകാതെ അവശനിലയിലായി. പി എംജിയിലെ മൃഗാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് നായക്ക് നാക്കില്‍ പാമ്പിന്റെ കടിയേറ്റെന്ന് കണ്ടെത്തിയത്. ആന്റിവെനം മൂന്നുതവണ കുത്തിവച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ജഡം വീട്ടില്‍ കൂടിന് സമീപത്തായി സംസ്‌കരിച്ചു.
















