ന്യൂദല്‍ഹി: ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്യാപ്‌റ്റൻ സോണിയ സിങ് ചൗഹാൻ ആണ് പതാക ഉയർത്താൻ മോദിയെ സഹായിച്ചത്. സ്വാന്ത്ര്യദിനത്തിൽ രാജ് ഘട്ടിലെ ഗാന്ധി സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് മോദി 7:20 ന് ചെങ്കോട്ടയിലെത്തിയത്.
ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓർണർ സ്വീകരിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് എന്നിവർ പ്രധാനമന്ത്രിയെ ചെങ്കോട്ടയിൽ സ്വീകരിച്ചു. കരസേന, നാവികസേന, വ്യോമസേന, ഡൽഹി പൊലീസ് എന്നിവർ ചേർന്നാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്.
പതാക ഉയർത്തലിന് പിന്നാലെ വ്യോമസേന ഹെലികോപ്റ്ററുകളിലെ പുഷ്‌പവൃഷ്‌ടിക്കുശേഷം എൻസിസി കേഡറ്റുകൾ വന്ദേമാതരവും തുടർന്ന് ദേശീയഗാനവും ആലപിച്ചു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ അയ്യായിരത്തോളം പ്രത്യേക അതിഥികളാണ് പങ്കെടുത്തത്.
വന്ദേമാതരവും യുവശക്തിയുമാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുഖ്യ പ്രമേയം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗ അഭിയാന്‍ ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി മാറി. ഇന്നലെ വൈകിട്ട് വരെ 4.86 കോടി പേരാണ് ഹര്‍ ഘര്‍ തിരംഗ പോര്‍ട്ടലില്‍ ദേശീയ പതാകയ്‌ക്ക് ഒപ്പമുള്ള സെല്‍ഫി പങ്കുവെച്ചത്.
സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
”കൊളോണിയൽ ഭരണത്തിന് അന്ത്യം കുറിച്ച എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികളുടെ ധൈര്യവും, ത്യാഗവും, അചഞ്ചലമായ പ്രതിബദ്ധതയും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു. ഒരു വിക്ഷിത ഭാരതം കെട്ടിപ്പടുക്കാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ അവരുടെ സ്വപ്‌നങ്ങൾ നമ്മെ പ്രചോദിപ്പിക്കുന്നു. 140 കോടി ഭാരതീയരുടെ ശക്തിയോടെ, നമ്മുടെ രാഷ്‌ട്രം വ്യത്യസ്‌ത മേഖലകളിലായി പുരോഗതിയുടെ പുതിയ ഉയരങ്ങൾ താണ്ടുകയാണ്. വരും കാലങ്ങളിൽ ഈ യാത്ര കൂടുതൽ വേഗത്തിൽ പുരോഗമിക്കട്ടെ.” പ്രധാനമന്ത്രി ആശംസിച്ചു.
















