തിരുവനന്തപുരം : ഡോ. സജിത്ത് ബാബുവിനെ കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നല്‍കിയതോടെയാണ് നിയമനം ഔദ്യോഗികമായത്. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.
മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു കേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റ ഒഴിവിലേക്കാണ് ഡോ. സജിത്ത് ബാബുവിനെ നിയമിച്ചിരിക്കുന്നത്.
2012 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ് ഡോ. സജിത്ത് ബാബു. ഉന്നത വിദ്യാഭ്യാസ വകുപ്പ്, ജില്ലാ കളക്ടർ തുടങ്ങി വിവിധ ഭരണപരമായ തസ്തികകളിൽ അദ്ദേഹം മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു മാസമായി സംസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പദവി ഒഴിവുകിടക്കുകയായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച ശുപാർശ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.















