Football

ലയണല്‍ മെസി വിരമിക്കുന്നു?

Published by
ജന്മഭൂമി ഓണ്‍ലൈന്‍

റോസാരിയോ: പിതാവും ദീര്‍ഘകാല മാനേജറുമായിരുന്ന ഹോര്‍ഹെ മെസ്സിയുടെ വേര്‍പാടില്‍ അതീവ ദുഃഖത്തോടെ വിടവാങ്ങല്‍ കുറിപ്പുമായി അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് മെസ്സി തന്റെ പിതാവിനോടുള്ള സ്‌നേഹവും അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുഭവിക്കുന്ന വലിയ ശൂന്യതയും പങ്കുവെച്ചത്.

അച്ഛാ, നിങ്ങള്‍ ഞങ്ങളെ വിട്ടുപിരിഞ്ഞു എന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനി നിങ്ങളെ കാണാനോ സംസാരിക്കാനോ കഴിയില്ല എന്നത് താങ്ങാനാവുന്നതിലും അപ്പുറമാണ്,’ എന്ന് മെസ്സി കുറിച്ചു. രോഗബാധ മൂലം പിതാവ് അനുഭവിച്ചിരുന്ന വേദനകളെക്കുറിച്ച് അറിയാമായിരുന്നുവെങ്കിലും ഇത്ര വേഗത്തില്‍ അദ്ദേഹം വിട്ടുപോകുമെന്ന് കരുതിയില്ലെന്ന് മെസ്സി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ലോകകപ്പില്‍ താന്‍ കളിക്കണമെന്ന് പിതാവ് ഏറെ ആഗ്രഹിച്ചിരുന്നുവെന്നും ടൂര്‍ണമെന്റിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതെന്നും മെസ്സി ഓര്‍ത്തെടുത്തു. ഫൈനലില്‍ എത്തിയാല്‍ മത്സരം കാണാന്‍ പിതാവിന് എത്താമെന്ന് വാഗ്ദാനം നല്‍കിയിരുന്ന കാര്യവും മെസ്സി സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പിതാവിന്റെ വേര്‍പാടോടെ തന്റെ ഫുട്‌ബോള്‍ ഭാവിയില്‍ വലിയ സംശയങ്ങള്‍ ഉയര്‍ന്നതായി മെസ്സി വെളിപ്പെടുത്തി.

നിങ്ങളില്ലാതെ ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് എനിക്കറിയില്ല. ഞാന്‍ ഇതുവരെ ഫുട്‌ബോള്‍ മാത്രമാണ് കളിച്ചത്, എന്നാല്‍ ഇനി എത്രകാലം എനിക്കിത് തുടരാനാകുമെന്ന കാര്യത്തില്‍ എനിക്ക് വലിയ സംശയങ്ങളുണ്ട്. എന്റെ കരിയറിന്റെ തുടക്കം മുതല്‍ അവസാനം വരെ നിങ്ങള്‍ എന്റെ കൂടെയുണ്ടായിരുന്നു. കുറച്ചുകാലം കൂടി കൂടെയുണ്ടായിരുന്നെങ്കില്‍ നമുക്ക് ഒരുമിച്ച് ഇത് പൂര്‍ത്തിയാക്കാമായിരുന്നു,’ മെസ്സി കുറിച്ചു.