മാവേലിക്കര: ആത്മബോധോദയസംഘത്തിന്റെ കേന്ദ്രസ്ഥാപനമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ മൂന്നു മാസം കൂടുമ്പോൾ നടത്തപ്പെടുന്ന താരാസ്തുതി മഹായജ്ഞം ഇന്ന് രാവിലെ ആശ്രമാധിപതി ബ്രഹ്മശ്രീ ദേവാനന്ദ ഗുരുദേവ തിരുവടികളുടെ തിരുവെഴുന്നെള്ളത്തോടും അനുഗ്രഹപ്രഭാഷണത്തോടും കൂടി ആരംഭിച്ചു. പ്രഭാതത്തിൽ ഗുരുപൂജ, ഗുരുദക്ഷിണ, പ്രാർത്ഥന, ആശ്രമപ്രദക്ഷിണം, എതിരേല്പ്, എഴുന്നള്ളത്ത് എന്നിവ നടത്തപ്പെട്ടു. കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ഭക്തജനങ്ങൾ 21 ദിവസത്തെ പരിശുദ്ധ വ്രതത്തോടുകൂടി സ്തുതി യജ്ഞത്തിൽ പങ്കെടുക്കുന്നു. സർവ്വദോഷശാന്തിക്കും ഈശ്വരാനുഗ്രഹത്തിനുമായി നടത്തപ്പെടുന്ന താരാസ്തുതി ആഗസ്ത് 16-ാം വരെ തുടരും. ആത്മശുദ്ധീകരണത്തിലൂടെ ആത്മസുഖവും ആനന്ദവും അനുഭവിച്ചറിയുവാനുള്ള മഹാവേദിയാണ് താരാസ്തുതി മഹായജ്ഞം. ഈ മഹായജ്ഞത്തിൽ രാപകൽ നാമസങ്കീർത്തനാലാപനത്തോടെയുള്ള സ്തുതിയും പ്രാർത്ഥനയും നടക്കും. 16-ാം ന് എതിരേല്പ്, ആശ്രമപ്രദക്ഷിണം, ഭഗവാൻ ഗുരുദേവ തിരുവടികളുടെ അനുഗ്രഹപ്രഭാഷണം, ദീപക്കാഴ്ച, ശംഖനാദം, മണിനാദം, ഓങ്കാരധ്വനി, പുഷ്പാർച്ചന തുടങ്ങിയ ചടങ്ങുകളോടെ സ്തുതി സമാപിക്കും എന്ന് ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അറിയിച്ചു.












