
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളേജില്‍ കുത്തഴിഞ്ഞ സംവിധാനമാണുള്ളതെന്നും ശരിയാക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെയെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍.പരിയാരം മെഡിക്കല്‍ കോളേജില്‍ 100 പേര്‍ ജോലിക്ക് വേണ്ടപ്പോള്‍ 1000 പേര്‍ ജോലി ചെയ്യുന്നു. ഈ മാസം 31ന് അവിടെ സന്ദര്‍ശനം നടത്തും.
ഇടുക്കി ജില്ലാ ആശുപത്രിയിലെ പ്രശ്നം പരിഹരിക്കും.ഈ മാസം 30നകം ഡോക്ടര്‍മാരെ നിയോഗിക്കും.തൊടുപുഴ ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ കുറവ് ആശുപത്രികളിലുണ്ടെന്നും എന്‍ എച്ച് എം വഴി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
ആരോഗ്യ വകുപ്പിനെതിരെ വാര്‍ത്തകര്‍ വരാറുണ്ടെന്നും തെറ്റുകള്‍ തിരുത്താന്‍ വേണ്ടിയുള്ള വാര്‍ത്തകള്‍ നല്ലതാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ തുലഞ്ഞു പോകട്ടെ എന്ന് കരുതിയുള്ള നീക്കങ്ങള്‍ ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. മാധ്യമങ്ങളോട് വൈകാരികമായി പെരുമാറിയവര്‍ നേരത്തേ ഉണ്ടായിട്ടുണ്ട്. അങ്ങനെ പെരുമാറിയാല്‍ മാധ്യമങ്ങളും പ്രതികാര ബുദ്ധിയോടെ പെരുമാറുമെന്ന് കെ മുരളീധരന്‍ പറഞ്ഞു.
സ്വകാര്യ ആശുപത്രികളില്‍ വിദേശ കമ്പനികളുടെ പങ്കാളിത്തം കൂടിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളെ ഇടിച്ചു താഴ്‌ത്താന്‍ ശ്രമമുണ്ട്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ എല്ലാ കാര്യങ്ങളെ കുറിച്ചും അന്വേഷണം നടത്തില്ല. അവയവ കച്ചവടത്തില്‍ ഇ ഡി അന്വേഷണത്തില്‍ കണ്ടെത്തുന്നതിന് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.