ന്യൂദല്‍ഹി: കോമണ്‍ഗെയിംസിനിടെ ഗ്ലാസ്‌ഗോയിലെ റസ്‌റ്റോറിന്റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി. സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയ കോമണ്‍വെല്‍ത്ത് ടീമുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.
‘മിസ്റ്റർ സിങ്‌സ് ഇന്ത്യ’ എന്ന പേരിലുള്ള റസ്റ്ററന്റിലെ നാപ്കിനുകളിലും സ്ഥാപനത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡിലും വടക്കുകിഴക്കന്‍ ഭാഗമില്ലാത്ത ഭൂപടം അച്ചടിച്ചിരിക്കുന്നത് ലവ്ലിനയുടെ ശ്രദ്ധയില്‍ പെടുന്നത്. അസം സ്വദേശിനിയും രാജ്യത്തിന്റെ അഭിമാനവുമായ താരം ഉടന്‍ തന്നെ റസ്റ്ററന്റ് അധികൃതരെ സമീപിച്ച് സമാധാനപരമായി തന്റെ പ്രതിഷേധവും സങ്കടവും അറിയിക്കുകയായിരുന്നു.
റസ്റ്ററന്റ് മാനേജ്മെന്റിനോട് ലവ്ലിന വളരെ സൗമ്യമായി സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയും ജനശ്രദ്ധ നേടുകയും ചെയ്തൂ.
‘ദയവായി ഇതൊരു തെറ്റായ രീതിയില്‍ എടുക്കരുത്. ഇത് എന്നെ മാനസികമായി ഒത്തിരി വിഷമിപ്പിച്ചു. നിങ്ങള്‍ നല്‍കിയ ഭൂപടത്തില്‍ ഞങ്ങളുടെ വടക്കുകിഴക്കന്‍ ഭാഗം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. പുറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാപ്പിലും വടക്കുകിഴക്കന്‍ മേഖല മുറിച്ചുമാറ്റിയ നിലയിലാണ്. ആ പ്രദേശത്ത് നിന്നുള്ള ഒരാളെന്ന നിലയില്‍ ഇത് ഞങ്ങളെ ഏറെ വേദനിപ്പിക്കുന്നു. അടുത്ത തവണയെങ്കിലും ഈ തെറ്റ് തിരുത്തണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. നന്ദി,’ – ലവ്ലിന അധികൃതരോട് പറഞ്ഞു.
ഇതിന് പിന്നാലെ ‘മിസ്റ്റർ സിങ്‌സ് ഇന്ത്യ’ എന്ന പേരിലുള്ള ഈ റസ്റ്ററന്റ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു. ഭാരതത്തെ തെറ്റായി ചിത്രീകരിച്ചത് മാപ്പ് പറയുകയും ചെയ്തിരുന്നു. ഗ്ലാസ്‌ഗോയിലെ ഭാരത എംബസിയും റസ്റ്ററന്റുമായി ബന്ധപ്പെട്ടു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 7 സ്വര്‍ണ്ണവും 3 വെള്ളിയും ഉള്‍പ്പെടെ റെക്കോര്‍ഡ് വേഗത്തില്‍ 10 മെഡലുകള്‍ വാരിക്കൂട്ടി കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് ഭാരത ബോക്‌സിങ് ടീം ഗ്ലാസ്ഗോയിലെ ഈ റസ്റ്ററന്റില്‍ അത്താഴ വിരുന്നിനായി എത്തിയത്. വര്‍ഷങ്ങളായി കായികതാരങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും സന്ദര്‍ശിക്കുന്ന സ്ഥാപനമാണിത്.
















