ന്യൂദല്‍ഹി: കായികതാരങ്ങള്‍ക്ക് വിരുന്നൊരുക്കിയ ഗ്ലാസ്ഗോയിലെ പ്രമുഖ ഇന്ത്യന്‍ റസ്റ്ററന്റ് ഭൂപട വിവാദത്തില്‍. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ചരിത്ര വിജയത്തിന് ശേഷം ഭാരത ബോക്സിങ് സംഘം സന്ദര്‍ശിച്ച റസ്റ്ററന്റാണ് വലിയ രീതിയിലുള്ള വിവാദത്തിലകപ്പെട്ടത്.
റസ്റ്ററന്റിന്റെ ഔദ്യോഗിക ലോഗോയിലും നാപ്കിനുകളിലും ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. ഒളിമ്പ്യന്‍ ലവ്ലിന ബോര്‍ഗോഹെയ്ന്‍ ഈ ഗുരുതര വീഴ്ച നേരിട്ട് ചോദ്യം ചെയ്യുകയും ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തതോടെ റസ്റ്ററന്റ് അധികൃതര്‍ പരസ്യമായി മാപ്പപേക്ഷിച്ചു. എന്നാല്‍ സൈബര്‍ ആക്രമണം ശക്തമായതിനെത്തുടര്‍ന്ന് അവര്‍ തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പൂട്ടി.
വിരുന്നിനിടെയാണ് റസ്റ്ററന്റിലെ നാപ്കിനുകളിലും സ്ഥാപനത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡിലും വടക്കുകിഴക്കന്‍ ഭാഗമില്ലാത്ത ഭൂപടം അച്ചടിച്ചിരിക്കുന്നത് ലവ്ലിനയുടെ ശ്രദ്ധയില്‍ പെടുന്നത്. അസം സ്വദേശിനിയും രാജ്യത്തിന്റെ അഭിമാനവുമായ താരം ഉടന്‍ തന്നെ റസ്റ്ററന്റ് അധികൃതരെ സമീപിച്ച് സമാധാനപരമായി തന്റെ പ്രതിഷേധവും സങ്കടവും അറിയിക്കുകയായിരുന്നു.
റസ്റ്ററന്റ് മാനേജ്മെന്റിനോട് ലവ്ലിന വളരെ സൗമ്യമായി സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയും ജനശ്രദ്ധ നേടുകയും ചെയ്തൂു.
‘ദയവായി ഇതൊരു തെറ്റായ രീതിയില്‍ എടുക്കരുത്. ഇത് എന്നെ മാനസികമായി ഒത്തിരി വിഷമിപ്പിച്ചു. നിങ്ങള്‍ നല്‍കിയ ഭൂപടത്തില്‍ ഞങ്ങളുടെ വടക്കുകിഴക്കന്‍ ഭാഗം പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. പുറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാപ്പിലും വടക്കുകിഴക്കന്‍ മേഖല മുറിച്ചുമാറ്റിയ നിലയിലാണ്. ആ പ്രദേശത്ത് നിന്നുള്ള ഒരാളെന്ന നിലയില്‍ ഇത് ഞങ്ങളെ ഏറെ വേദനിപ്പിക്കുന്നു. അടുത്ത തവണയെങ്കിലും ഈ തെറ്റ് തിരുത്തണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. നന്ദി,’ – ലവ്ലിന അധികൃതരോട് പറഞ്ഞു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 7 സ്വര്‍ണ്ണവും 3 വെള്ളിയും ഉള്‍പ്പെടെ റെക്കോര്‍ഡ് വേഗത്തില്‍ 10 മെഡലുകള്‍ വാരിക്കൂട്ടി കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് ഭാരത ബോക്‌സിങ് ടീം ഗ്ലാസ്ഗോയിലെ ഈ റസ്റ്ററന്റില്‍ അത്താഴ വിരുന്നിനായി എത്തിയത്. വര്‍ഷങ്ങളായി കായികതാരങ്ങളും പ്രമുഖ വ്യക്തിത്വങ്ങളും സന്ദര്‍ശിക്കുന്ന സ്ഥാപനമാണിത്.
















