
തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ പത്താം ദിവസത്തിലേക്ക്. പ്രതികൂല കാലാവസ്ഥയാണ് തിരച്ചിലിന് വെല്ലുവിളിയാകുന്നത്. കാണാതായവര്‍ക്കായി ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ വ്യാപകമാക്കും. രാമേശ്വരം ഭാഗത്തേക്ക് തിരച്ചില്‍ നടത്തണമെന്നാണ് ജോണിന്റെ കുടുംബത്തിന്റെ ആവശ്യം.
കാണാതായ വിഴിഞ്ഞം സ്വദേശി ജോണ്‍, അഞ്ചുതെങ്ങ് സ്വദേശി ഷിജിന്‍, നീണ്ടകര സ്വദേശി ഗൗതം കൃഷ്ണ എന്നിവര്‍ക്കായാണ് തിരച്ചില്‍ നടക്കുന്നത്. നീണ്ടകരയില്‍ രക്ഷാദൗത്യത്തിന് ഇന്ത്യന്‍ നേവിയുടെ കല്‍പേനി ഷിപ്പ് എത്തിയിട്ടുണ്ട്. പ്രത്യേക ഡൈവിംഗ് സംഘവും സജ്ജമാണ്. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ആഴക്കടലിലെ പരിശോധനകൾ ശക്തമാക്കുന്നതിനായി കൊച്ചിയിൽനിന്ന് ശനിയാഴ്ച രാത്രി പുറപ്പെട്ട നാവികസേനയുടെ അതിവേഗ പട്രോളിംഗ് യുദ്ധക്കപ്പലായ ഐഎൻഎസ് കൽപേനി നിലവിൽ നീണ്ടകര തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുകയാണ്.
മറൈൻ എൻഫോഴ്സ്‌മെന്‍റ് ബോട്ട് സൂചിപ്പിച്ച പോയിന്‍റുകളിൽ നാവികസേനയുടെ ഡൈവർമാർ നിലവിൽ ഡൈവിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വെള്ളത്തിനടിയിലെ നിരീക്ഷണ ശേഷിയും തിരച്ചിലിന്റെ കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി പോർട്ടബിൾ സോണാർ സാങ്കേതികവിദ്യയും ഡൈവിംഗ് സംഘം ഉപയോഗിക്കുന്നുണ്ട്.
കാണാതായവര്‍ക്കായി ഹെലികോപ്ടര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്. രാമേശ്വരം ഭാഗത്തേക്ക് തിരച്ചില്‍ വ്യാപിപ്പിക്കണമെന്ന ആവശ്യം ജോണിന്റെ കുടുംബം ഉന്നയിച്ചിട്ടുണ്ട്. മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായി സ്‌ക്യൂബ സംഘത്തിന്റെ പരിശോധന തുടങ്ങിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ ഉള്‍ക്കൊള്ളിച്ചാണ് പരിശോധന.
ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി ഓരോ നിമിഷവും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു.
ആ അമ്മയുടെ സങ്കടം എന്റെ സ്വന്തം സങ്കടമാണ്. തിരച്ചിൽ ഏതെങ്കിലും കാരണത്താൽ മന്ദഗതിയിലാകാൻ ഞാൻ അനുവദിക്കില്ല. സർവ്വ സന്നാഹങ്ങളും കടലമ്മയുടെ മാറിൽ ഇപ്പോൾ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
നാവികസേനയുടെ മുങ്ങൽ വിദഗ്‌ദ്ധർ അടങ്ങിയ കപ്പൽ ഇപ്പോള്‍ വീണ്ടും കടലിൽ അടിയന്തര തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു. ഒപ്പം കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകൾ ആകാശമാർഗ്ഗേണ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ നിർണ്ണായക ദൗത്യത്തിന് പൂർണ്ണ പിന്തുണയുമായി ഇന്ത്യൻ ഓയിലും എടിഎഫും (ATF) ഒപ്പമുണ്ട്;
ആവശ്യമായ ഇന്ധനവും സജ്ജീകരണങ്ങളും തടസ്സമില്ലാതെ ഉറപ്പാക്കാൻ അവരും യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തുണ്ട്. മാത്രമല്ല, രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ അമൃതപുരിയിൽ കോളേജ് അധികൃതരുടെ സഹകരണത്തോടെ പുതിയ എമർജൻസി ഹെലിപാഡും അടിയന്തരമായി സജ്ജമായിക്കൊണ്ടിരിക്കുകയാണ്.
പ്രിയപ്പെട്ടവരെ, ആ അമ്മയുടെ പ്രതീക്ഷയാണ് ഏറ്റവും വലുത്. ഭരണകൂടത്തിന്റെ കരുത്തും നമ്മുടെ കൂട്ടായ പ്രാർത്ഥനയും ഒന്നുചേരുമ്പോൾ ആ കുട്ടി തിരികെ വരുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.
ആ അമ്മയുടെ കണ്ണീരൊപ്പാൻ അവസാന ശ്വാസം വരെ ഞാൻ ഒപ്പമുണ്ടാകും.
പ്രതീക്ഷ കൈവിടില്ല… നമ്മൾ പോരാടും