Kerala

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജനായിരുന്ന ഡോ. സുനിലിന്റെ അധികാരപരിധി ലംഘിച്ചുള്ള ഇടപെടലുകളില്‍ ഡോക്ടര്‍മാരില്‍ അതൃപ്തി പുകയുന്നു. പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകും, എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തിലുള്ള അനാരോഗ്യകരമായ ഇടപെടലുകളെ ശക്തമായി എതിര്‍ക്കുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) ആരോഗ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഐരാണിമുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടയില്‍ സ്ഥാപനത്തിലെ സീനിയര്‍ ലേഡി സിവില്‍ സര്‍ജനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കെജിഎംഒഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മണിക്കാണ് ആരംഭിക്കേണ്ടതാണെന്നിരിക്കെ, രാവിലെ 8 മണിക്ക് പ്രവര്‍ത്തനം ആരംഭിച്ചില്ലെന്നാരോപിച്ച് വര്‍ഷങ്ങളുടെ സേവന പരിചയമുള്ള വനിതാ മെഡിക്കല്‍ ഓഫീസറെ പൊതുവേദിയില്‍ അവഹേളിക്കുന്ന തരത്തില്‍ സംസാരിച്ചു.

ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ഔദ്യോഗിക പരിശോധന നടത്താനോ അവിടുത്തെ ഭരണപരമായ സംവിധാനങ്ങളില്‍ നേരിട്ട് ഇടപെടാനോ നിയമപരമായ അധികാരമില്ല. ഇത്തരം സന്ദര്‍ശനങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുമെന്ന് സംഘടന വ്യക്തമാക്കി.

ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും അന്തസും ഭരണക്രമവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് കെജിഎംഒഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

 

Recent Posts