മുംബൈ: രണ്‍ബീർ കപൂർ കേന്ദ്രകഥാപാത്രമായി എത്തുന്ന 4800 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ‘രാമായണ’ നവംബർ ആറിന് റിലീസാകും. ഈ ദിവസത്തിന് രണ്‍ബീറിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.
രണ്‍ബീർ-ആലിയ ഭട്ട് ദമ്പതികളുടെ മകള്‍ റാഹ ജനിച്ച ദിവസം കൂടിയാണിത്. 2022 നവംബർ ആറിനാണ് റാഹ ജനിച്ചത്. “എന്റെ ജീവിതത്തിലെ സുന്ദരമായ ഒരു യാദൃശ്ചികതയാണിത്. റാഹ എന്നെ കൂടുതല്‍ നല്ലൊരു മനുഷ്യനാക്കി. അതേ പോലെ കൂടുതല്‍ മികച്ചൊരു വ്യക്തിയാകാൻ ‘രാമായണ’ എന്നെ പ്രേരിപ്പിച്ചു. അങ്ങനെ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു,” രണ്‍ബീർ പറഞ്ഞു.
ശ്രീരാമനായിട്ടാണ് ചിത്രത്തില്‍ രണ്‍ബീർ കപൂർ എത്തുന്നത്. രാമന്റെ കഥാപാത്രത്തോട് തനിക്ക് പൂർണമായി നീതി പുലർത്താൻ സാധിക്കുമോ എന്ന് സംശയിച്ചിരുന്നതായി രണ്‍ബീര്‍ പറയുന്നു. “ഈ കഥാപാത്രം തന്റെ കരിയറിനെ നിർവചിക്കുന്ന ഒന്നാകും എന്നതിനേക്കാള്‍ ഉപരി, എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒന്നാണെന്ന് ഞാൻ മനസിലാക്കി. ഇത് രാമായണത്തെക്കുറിച്ചും ശ്രീരാമന്റെ ജീവിതയാത്രയെക്കുറിച്ചും കൂടുതല്‍ ആഴത്തില്‍ മനസിലാക്കാൻ എന്നെ സഹായിച്ചു” രണ്‍ബീർ പറയുന്നു.
രണ്‍ബീറിന് ഇതില്‍ പ്രതിഫലമായി ലഭിച്ചത് 150 കോടി രൂപയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിഫലമായിരുന്നു ഇത്. ജൂലൈ 30നാണ് ‘രാമായണ’ ട്രെയ്‌ലർ ആഗോളതലത്തില്‍ റിലീസ് ചെയ്തത്.
















