തിരുവനന്തപുരം: ആഗസത് 13 മുതല്‍ ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വീര്‍ സവര്‍ക്കര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫിബ അണ്ടര്‍-18 ഏഷ്യ കപ്പ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നാല് കായിക വിദഗ്ധര്‍ തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റ് 2026 ആഗസ്ത് 13 മുതല്‍ 23 വരെയാണ് നടക്കുന്നത്.
ചങ്ങനാശ്ശേരി എസ്.ബി കോളജിലെ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചും എറണാകുളം സ്വദേശിയുമായ മിസ്റ്റര്‍ കെ. വിപിനെ ഇന്ത്യന്‍ നാഷണല്‍ അണ്ടര്‍ 18 ടീമിന്റെ മുഖ്യ കോച്ചായി നിയമിച്ചു. ഇതിന് പുറമെ, ടൂര്‍ണമെന്റ് നിയന്ത്രിക്കുന്നതിനായി ഫിബയും ബിഎഫ്‌ഐയും കേരളത്തില്‍ നിന്നുള്ള മൂന്ന് സാങ്കേതിക വിദഗ്ധരെയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
തൊടുപുഴ സ്വദേശിയും പണ്ടപ്പിള്ളി സിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസറും കേരള ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ഡോ. പ്രിന്‍സ് കെ. മറ്റം (ഫിബ മാച്ച് കമ്മീഷണര്‍), കോഴിക്കോട് സ്വദേശിയും കോര്‍ട്ടിലെ ടേബിള്‍ ഡ്യൂട്ടികള്‍ നിയന്ത്രിക്കുന്ന ഫിബ സര്‍ട്ടിഫൈഡ് ടെക്‌നിക്കല്‍ ഒഫീഷ്യലുമായ മിസ്റ്റര്‍ അതുല്‍ കൃഷ്ണന്‍, പത്തനംതിട്ട സ്വദേശിയും ടൂര്‍ണമെന്റ് ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും കൈകാര്യം ചെയ്യുന്ന ഫിബ സര്‍ട്ടിഫൈഡ് ഒഫീഷ്യല്‍ സ്റ്റാറ്റിസ്റ്റിഷ്യനുമായ മിസ്റ്റര്‍ വിശാല്‍ രവി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് മൂന്ന് പേര്‍.
പങ്കെടുക്കുന്ന 16 രാജ്യങ്ങളെ നാല് മത്സര ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് എയില്‍ ഓസ്‌ട്രേലിയ, ചൈനീസ് തായ്‌പേയ്, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് എന്നിവരും, ഗ്രൂപ്പ് ബിയില്‍ ന്യൂസിലാന്‍ഡ്, ലെബനന്‍, ബഹ്‌റൈന്‍, സിറിയ എന്നിവരും ഉള്‍പ്പെടുന്നു. ചൈന, ഇറാന്‍, ഖത്തര്‍, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് സിയിലുള്ളത്. ആതിഥേയരായ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയില്‍ കൊറിയ, ജപ്പാന്‍, കസാക്കിസ്ഥാന്‍ എന്നീ ശക്തരായ ടീമുകളാണുള്ളത്. 2027-ലെ ഫിബ യു-19 ബാസ്‌കറ്റ്‌ബോള്‍ ലോകകപ്പിലേക്ക് യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് ഭാരതം കോര്‍ട്ടിലിറങ്ങുന്നത്.
കെ. വിപിന്‍, ഡോ. പ്രിന്‍സ് കെ. മറ്റം, അതുല്‍ കൃഷ്ണന്‍, വിശാല്‍ രവി












