വാനരന്മാരുടെ ശക്തിയെക്കുറിച്ച് സീത സംശയിച്ചപ്പോള്‍, ഹനുമാന്‍ ഭീമാകാരമായി വളര്‍ന്ന്, തന്റെ സ്വശക്തി കാണിച്ചു. സന്തോഷവതിയായ സീത അനുഗ്രഹിച്ച് സുരക്ഷിത മടക്കയാത്ര ആശംസിച്ചു. ഹനുമാന്‍ ദേവിയെ മൂന്നുവട്ടം വലംവെച്ച് ബഹുമാനപൂര്‍വ്വം, ചൂഡാരത്നവും സന്ദേശവുമായി പുറപ്പെട്ടു.
ഹനുമാന്‍ പൂന്തോട്ടം തകര്‍ക്കുന്നു
ലങ്കയില്‍ സീതാദേവിയെ കണ്ടുമുട്ടിയ ശേഷം, ഒരു മരക്കൊമ്പില്‍ കയറിയിരുന്ന ഹനുമാന്‍, രാക്ഷസരാജാവായ രാവണന്റെ ശ്രദ്ധനേടാന്‍ ലങ്കയിലെ പൂന്തോട്ടങ്ങള്‍ ഓരോന്നായി നശിപ്പിക്കാന്‍ തുടങ്ങി, മരശാഖകള്‍ പിഴുതെറിഞ്ഞും പൂന്തോട്ടങ്ങള്‍ തകര്‍ത്തും മുന്നേറിയെങ്കിലും സീതയുടെ സാന്നിദ്ധ്യത്താല്‍ വിശുദ്ധമായ ശിംശപാവൃക്ഷം മാത്രം വെറുതെവിട്ടു.
രാക്ഷസരുടെ അന്ത്യം
ലങ്കയിലെ ആക്രമണം ഹനുമാന്റെ അജയ്യശക്തി പ്രകടമാക്കി. പൂന്തോട്ടങ്ങളുടെ നാശം രാവണസൈന്യത്തെ പ്രകോപിപ്പിച്ചു, വലിയ ഏറ്റുമുട്ടലിന് അത് കാരണമായി. സാധാരണ രാക്ഷസയോദ്ധാക്കള്‍ അവന്റെ അലര്‍ച്ചകളില്‍ ബോധം കെട്ടുവീണു, അവരുടെ ബാണങ്ങള്‍ ഹനുമാനില്‍ ഏറ്റില്ല. സാധാരണ യോദ്ധാക്കള്‍ പരാജയപ്പെട്ടപ്പോള്‍, രാവണന്‍ അഞ്ച് പ്രമുഖ യോദ്ധാക്കളെ പോരിന് അയച്ചു, പക്ഷേ ഹനുമാന്‍ അവരെയെല്ലാം യമന്റെ അടുത്തേക്ക് പറഞ്ഞയച്ചു. വെറും മര്‍ക്കടനായ ഒരു ജീവിയില്‍ നിന്നും നേരിട്ട വന്‍ പരാജയത്തില്‍ രാവണന്‍ പുത്രനായ അക്ഷകുമാരനെ നിയോഗിച്ചു. അക്ഷകുമാരനെ തലയില്‍ ആഞ്ഞു പ്രഹരിച്ച് ഹനുമാന്‍ കൊന്നുകളഞ്ഞു. ദുഃഖിതനായ രാവണന്‍ മൂത്തപുത്രന്‍ ഇന്ദ്രജിത്തിനെ (മേഘനാദന്‍) വിളിച്ചു. ഇന്ദ്രജിത് ഹനുമാനെ നേരിട്ടു, ഇരുവരും അസംഖ്യം അസ്ത്രങ്ങള്‍ പരസ്പരം പ്രയോഗിച്ചു. അവര്‍ പരസ്പരം എതിരാളിയുടെ ശക്തിയെ അഭിനന്ദിക്കുകയും ചെയ്തു. ഹനുമാന്‍ ഇന്ദ്രജിത്തിന്റെ രഥം നശിപ്പിച്ച് സാരഥിയെ കൊന്നു. എന്നാല്‍ ഇന്ദ്രജിത് ബ്രഹ്‌മാസ്ത്രം പ്രയോഗിച്ചപ്പോള്‍, ബ്രഹ്‌മാവിനോടുള്ള ബഹുമാനത്താല്‍ ഹനുമാന്‍ തന്നെ കീഴടക്കാന്‍ രാക്ഷസന്മാരെ അനുവദിച്ചു.
ഹനുമാന്‍ രാവണസഭയില്‍

രാവണരാജസഭയില്‍ വച്ച് ഹനുമാന്‍ രാമനെ ധ്യാനിച്ച്, താന്‍ രാമന്റെ ദൂതനാണെന്നും, സീതയെ കണ്ടെത്താന്‍ അയക്കപ്പെട്ടവനാണെന്നും സധീരം പ്രഖ്യാപിച്ചു. പൂന്തോട്ടങ്ങള്‍ നശിപ്പിച്ചത് കുരങ്ങിന്റെ സ്വാഭാവികമായ കുസൃതി പ്രവൃത്തിയും, രക്ഷസരെ കൊന്നത് ആത്മരക്ഷയ്‌ക്കാണെന്നും ന്യായീകരിച്ചു. മഹാവിഷ്ണുവിന്റെ അനുഗ്രഹമുള്ള തന്നെ ആര്‍ക്കും ഉപദ്രവിക്കാന്‍ കഴിയില്ലെന്ന് ഹനുമാന്‍ അവകാശപ്പെട്ടു.
തുടര്‍ന്ന് ഹനുമാന്‍ രാവണന് ഹിതോപദേശം നല്‍കി. കാമം, ക്രോധം, മോഹം എന്നിവ ഉപേക്ഷിക്കാനും ആത്മാവിനെ തിരിച്ചറിയാനും മോക്ഷത്തി നായി രാമനാമം ജപിക്കാനും ആവശ്യപ്പെട്ടു. മറ്റൊരാളുടെ ഭാര്യയെ ആഗ്രഹിക്കുന്നത് ഗുരുതരമായ പാപമാണെന്ന് മുന്നറിയിപ്പ് നല്‍കി, പക്ഷേ രാവണന്‍ കോപാകുലനായി ഹനുമാനെ കൊല്ലാന്‍ ഉത്തരവിട്ടു. പക്ഷേ, ദൂതനെ കൊല്ലുന്നത് രാജോചിതമല്ലെന്ന് പറഞ്ഞ് വിഭീഷണന്‍ ഹനുമാനെ വധിക്കുന്നതില്‍ നിന്നും രാവണനെ തടഞ്ഞു. കൊല്ലുന്നതിന് പകരം കുരങ്ങിന്റെ അഭിമാനചിഹ്നമായ വാലില്‍ തീ കത്തിച്ച് അവനെ അപമാനിച്ചു പറഞ്ഞയക്കാമെന്ന് രാവണന്‍ നിശ്ചയിച്ചു.
ദേവന്മാരുടെ അനുഗ്രഹംകൊണ്ടും, ഹൃദയത്തില്‍ ശ്രീരാമനെ പ്രതിഷ്ഠിച്ചരുന്നതുകൊണ്ടും ഇന്ദ്രജിത്തിന്റെ ബ്രഹ്‌മാസ്ത്രം ബന്ധിച്ചപ്പോള്‍ വിഷാദമോ ഭയമോ ഇല്ലാതെ ഹനുമാന്‍ അചഞ്ചലനായി നിന്നു. സംസാരബന്ധങ്ങളെ ഇല്ലാതാക്കുന്ന, ശ്രീമഹാവിഷ്ണുപദം കൈവരിക്കാനുതകുന്ന ശ്രീരാമനാമത്തില്‍ പരിപൂര്‍ണ്ണ ഭക്തിയുണ്ടായിരുന്നതുകൊണ്ട് കയര്‍ കൊണ്ടുള്ള ബന്ധനം ഹനുമാനെ ബാധിച്ചതേയില്ല.
















