
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ വിവദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി പി ജോണ്‍. വാക്കുകള്‍ ശ്രദ്ധിക്കണമായിരുന്നുവെന്നും തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി പ്രതികരിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കിയതിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. സര്‍ക്കാരിന് സ്ത്രീകളോട് ഒരു തരത്തിലുള്ള വിവേചനവുമില്ല. സൗജന്യയാത്ര സ്ത്രീകളുടെ അവകാശമാണെന്നും മന്ത്രി പ്രതികരിച്ചു. ഖേദം പ്രകടിപ്പിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണോ എന്ന ചോദ്യത്തിന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു സി പി ജോണിന്റെ മറുപടി. പ്രിയദര്‍ശിനി പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണെന്നും അഭിമാനകരമായ പദ്ധതിയാണെന്നും പറഞ്ഞ മന്ത്രി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. പദ്ധതി ഉപേക്ഷിക്കുമെന്ന് ആര്‍ക്കും സംശയം വേണ്ടെന്നും, പ്രതിപക്ഷത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു.
കേരളത്തിൽ കടുത്ത ദാരിദ്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി അത് ഇളവ് ചെയ്യാനുള്ള മാർഗമാണ്. പ്രിയദർശിനി കെഎസ്ആർടിസിക്ക് ബാധ്യതയല്ല. കൂടുതൽ ആളുകൾ ബസുകളിൽ കയറുന്ന ഇടങ്ങളിൽ കൂടുതൽ വണ്ടികൾ ഇടും. വണ്ടികൾക്ക് പഴക്കം ഉണ്ടെന്നും മന്ത്രി പ്രതികരിച്ചു.