തിരുവനന്തപുരം: സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ എച്ച്ആര്‍എംഎസ് പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ഭരണാനുകൂല സംഘടനാ നേതാവ് തിരിമറി കാട്ടിയെന്ന് പരാതി. അപേക്ഷയുടെ മുന്‍ഗണനാ ക്രമത്തില്‍ ആണ് അനധികൃതമായി തിരുത്തലുകള്‍ നടത്തിയത്. ഇതിനെതിരെ ചങ്ങനാശേരി താലൂക്ക് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് പരാതി നല്‍കി.
റവന്യൂ വകുപ്പിലെ സ്ഥലം മാറ്റങ്ങള്‍ സംബന്ധിച്ച ഹ്യുമണ്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടലിലാണ് തിരിമറി നടന്നതെന്നാണ് ആരോപണം.പോര്‍ട്ടല്‍ വഴിയാണ് സ്ഥലം മാറ്റ അപേക്ഷകള്‍ നല്‍കേണ്ടതും അതിനുളള അര്‍ഹത തീരുമാനിക്കപ്പെടുന്നതും.
അപേക്ഷകര്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാനും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരിശോധനകള്‍ നടത്താനും മാറ്റങ്ങള്‍ വരുത്താനും അധികാരമുണ്ട്. എന്നാല്‍ വിവരങ്ങള്‍ തിരുത്താന്‍ യാതൊരു അധികാരവുമില്ലാത്ത ലാന്‍ഡ് റവന്യൂ കമ്മിഷനിലെ ഉദ്യോഗസ്ഥന്‍ തിരിമറി നടത്തിയെന്നാണ് പരാതി.ജീവനക്കാരെ കമ്മീഷണറേറ്റിലെ ഭരണാനുകൂല സംഘടനാ നേതാക്കള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും പരാതി ഉണ്ട്.
ജീവനക്കാരോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അല്ലാതെ പോര്‍ട്ടലില്‍ തിരുത്തല്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്.
















