കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ പിടിയിലായ തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടിരുന്നുവെന്നും അദ്ദേഹത്തെ അപായപ്പെടുത്തുകയോ അല്ലെങ്കിൽ ഹണിട്രാപ്പിൽ പെടുത്തുകയോ ചെയ്യാൻ ശ്രമം നടത്തിയിരുന്നതായും കണ്ടെത്തൽ.സുവേന്ദു അധികാരിയെ ഹമീം നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു.
സുരക്ഷാ അകമ്പടിയില്ലാതെ മുഖ്യമന്ത്രി എവിടെയെങ്കിലും നിൽക്കുന്നുണ്ടോ എന്ന വിവരങ്ങൾ ശേഖരിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. ഹമീമിന്റെ കാമുകിയായ അർപിത പ്രമുഖരെ ഹണിട്രാപ്പിൽ കുടുക്കി വിവരങ്ങൾ ചോർത്താനും പണം തട്ടാനുമുള്ള നീക്കങ്ങൾ നടത്തിയിരുന്നതായും പോലീസ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിൽ പോലീസ് വേഷത്തിൽ നുഴഞ്ഞുകയറാനും പ്രശ്നങ്ങളുണ്ടാക്കാനും ഹമീം പദ്ധതിയിട്ടിരുന്നു.
ഹമീമിനെ ചോദ്യം ചെയ്തതിൽ പശ്ചിമബംഗാളിൽ ഭീകരസംഘടനകളുമായി ബന്ധമുള്ള നിരവധിപേരെ എസ്.എഫ്.ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള ഹമീം മൊണ്ഡാലിനെ രണ്ട് ദിവസം മുൻപാണ് എസ്.ടി.എഫ് കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ കാമുകി അർപിത സർക്കാരിനെ വെള്ളിയാഴ്ച ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ജാർഖണ്ഡ് മന്ത്രി ഉമേഷ് റായുടെ മകനെ ഹണി ട്രാപ്പിൽ അകപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതി. ജെയ്‌ഷെ മുഹമ്മദ് സംഘം ഷഹ്‌സാദ് ബാട്ടിയുടെ നിർദേശത്തിലാണ് ഇവർ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത്. ഇവരിൽ നിന്ന് രണ്ട് അന്താരാഷ്‌ട്ര സിം കാർഡുകളും കണ്ടെടുത്തി.
















