ലഹരിയ്‌ക്കെതിരായ പോരാട്ടത്തില്‍ പുതിയ പോര്‍മുഖം തുറന്ന് നരേന്ദ്രമോദി സര്‍ക്കാര്‍. വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം (നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന്‍) പദ്ധതിക്ക് ഇന്ന് പ്രധാനമന്ത്രി തുടക്കം കുറിക്കും. കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നൂറ് ആഴ്ച നീളുന്ന കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2047ല്‍ വികസിത ഭാരതത്തിനൊപ്പം ലഹരിമുക്ത ഭാരതവും കെട്ടിപ്പടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ദശലക്ഷക്കണക്കിന് യുവാക്കളും സ്ഥാപനങ്ങളും സാമൂഹിക സംഘടനകളും പദ്ധതിയുടെ ഭാഗമാകും.
വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ കരുത്ത് ലഹരിമുക്ത യുവത്വമാണ് എന്ന സന്ദേശത്തിലൂന്നിയ ഈ പ്രചാരണം, 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് കരുത്തേകും. ഗ്രാമ-നഗര ഭേദമില്ലാതെ എല്ലായിടത്തും പ്രചാരണമെത്തും. മൈ ഭാരതിന്റെ നേതൃത്വത്തില്‍ രാജ്യത്തുടനീളമുള്ള യുവാക്കളുടെ സജീവപങ്കാളിത്തം പരിപാടിയില്‍ ഉറപ്പാക്കും. പതിനായിരത്തോളം കേന്ദ്രങ്ങളില്‍ ഇന്ന് ഒരേസമയം ഒരു കോടിയിലധികം യുവാക്കള്‍ ലഹരിക്കെതിരായ പ്രതിജ്ഞയില്‍ പങ്കാളികളാകും. മൈ ഭാരത് സന്നദ്ധപ്രവര്‍ത്തകര്‍, എന്‍എസ് എസ്, യൂത്ത് ക്ലബ്ബുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, സന്നദ്ധ സംഘടനകള്‍, വ്യാവസായിക സംഘടനകള്‍, 125 ലധികം ആത്മീയ സംഘടനകള്‍ എന്നിവര്‍ ഇന്ന് നടക്കുന്ന പരിപാടിയുടെ ഭാഗമാകും. ലഹരി ഉപയോഗിക്കുന്നവരെ അതില്‍ നിന്ന് മുക്തരാക്കി ആരോഗ്യകരവും ശക്തവും വികസിതവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുന്നതിനുമാണ് ഈ പ്രചാരണ പരിപാടി ലക്ഷ്യമിടുന്നത്. ലഹരി ഉപയോഗത്തിനെതിരെ യുവാക്കളുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി ഇത് മാറും. ബോധവല്‍ക്കരണം, സാമൂഹിക ഇടപെടല്‍, സുസ്ഥിര ജനപങ്കാളിത്തം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സാധാരണ ബോധവല്‍ക്കരണ പരിപാടിയില്‍ നിന്ന് വ്യത്യസ്തമായി, നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന്‍’നൂറ് ആഴ്ച നീളുന്ന സുസ്ഥിര ജനകീയ പങ്കാളിത്ത പ്രസ്ഥാനമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. അടുത്ത നൂറ് ആഴ്ചകളില്‍ എല്ലാ ഞായറാഴ്ചകളിലും രാജ്യത്തുടനീളം യുവാക്കളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്‍കരിക്കുന്നതിനൊപ്പം ഗുണകരമായ സാമൂഹിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കലാ-കായിക മത്സരങ്ങള്‍, വാക്കത്തണുകള്‍, ധ്യാന സെഷനുകള്‍, സാംസ്‌കാരിക പരിപാടികള്‍, തെരുവ് നാടകങ്ങള്‍ ബോധവല്‍കരണ റാലികള്‍ എന്നിവ ഞായറാഴ്ചകളില്‍ സംഘടിപ്പിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്‌ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരെയും സംഘടനകളെയും 50, 75, 100 ആഴ്ച പിന്നിടുമ്പോള്‍ ആദരിക്കും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, സാമൂഹിക ഇടപെടലുകള്‍ ശക്തിപ്പെടുത്തുക, യുവതയുടെ ഊര്‍ജ്ജം ക്രിയാത്മകമായി രാഷ്‌ട്രനിര്‍മാണത്തിലേക്ക് തിരിച്ചുവിടുക എന്നതാണ് ലക്ഷ്യം.
ആശ്വാസമായി നശാ മുക്ത് ഭാരത് അഭിയാന്‍
കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം 2020 ആഗസ്ത് 15ന് ആരംഭിച്ച നശാ മുക്ത് ഭാരത് അഭിയാന്റെ ചുവടുപിടിച്ചാണ് നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് തുടക്കമിടുന്നത്. ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനും ചികിത്സയ്‌ക്കും പുനരധിവാസത്തിനുമായി ആവിഷ്‌കരിച്ച ദേശീയ പരിപാടിയാണ് നശാ മുക്ത് ഭാരത് അഭിയാന്‍. ലഹരിവസ്തുക്കളുടെ ലഭ്യത നിയന്ത്രിക്കുന്നതിനൊപ്പം ജനപങ്കാളിത്തത്തോടെയുള്ള ബോധവല്‍കരണം, ചികിത്സ, പുനരധിവാസം, തുടര്‍പരിചരണം, സാമൂഹിക പുനരധിവാസം എന്നിവയാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും മുതല്‍ പ്രാദേശിക ഭരണകൂടങ്ങള്‍ വരെ പദ്ധതിക്ക് പിന്തുണയേകുന്നു.
ലഹരി ഉപയോഗം കൂടുതലായി കണ്ടെത്തിയ 272 ജില്ലകളിലാണ് നശാ മുക്ത് ഭാരത് അഭിയാന്‍ തുടക്കം കുറിച്ചതെങ്കിലും പദ്ധതിയിപ്പോള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിച്ചിട്ടുണ്ട്. 11.55 കോടിയിലധികം യുവാക്കളും 8.14 കോടി സ്ത്രീകളും ഉള്‍പ്പെടെ 29.89 കോടിയിലധികം പേരിലേക്ക് പദ്ധതിയുടെ ഭാഗമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ എത്തി. ലഹരിമുക്ത ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യമാകെ 24 ലക്ഷത്തിലധികം ബോധവല്‍കരണ-പ്രചാരണ പരിപാടികളാണ് നടത്തിയത്. 768 സംയോജിത പുനരധിവാസ കേന്ദ്രങ്ങള്‍, പിയര്‍-ലെഡ് ഇന്റര്‍വെന്‍ഷന്‍ കേന്ദ്രങ്ങള്‍, ഔട്ട്റീച്ച് ആന്‍ഡ് ഡ്രോപ്പ്-ഇന്‍ കേന്ദ്രങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍ എന്നിവയുടെ രാജ്യവ്യാപകമായ ശൃംഖലയിലൂടെ 28.29 ലക്ഷം പേരെ ചികിത്സിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്തു.
പദ്ധതിയുടെ ഭാഗമായി ലഹരിവിമുക്ത ഹെല്‍പ്പ് ലൈനും (നമ്പര്‍ 14446) ആപ്പും മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. ലഹരി ഉപയോഗം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൗണ്‍സിലിംഗും മറ്റ് സഹായ സംവിധാനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഹെല്‍പ്പ് ലൈനിലൂടെ ലഭിക്കും. ആദ്യഘട്ട സഹായം ലഭ്യമാക്കുന്ന സമ്പര്‍ക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് ഇതുവരെ 4.60 ലക്ഷത്തിലധികം ഫോണ്‍കോളുകളാണ് ലഭിച്ചത്. ബോധവല്‍കരണവും വിവരശേഖരണവും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് എന്‍എംബിഎ 2.0 ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
മയക്കുമരുന്ന് ശൃംഖലകള്‍ക്കെതിരെ തുറന്ന യുദ്ധം
2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ മയക്കുമരുന്ന് ശൃംഖലകള്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കീഴിലുള്ള നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യാണ് വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ ദേശീയ തലത്തില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2014 മുതല്‍ 2026 വരെയുള്ള കാലയളവില്‍ 1,84,000 കോടി രൂപയുടെ (ഒരു കോടി 18 ലക്ഷം കിലോഗ്രാം) മയക്കുമരുന്ന് പിടിച്ചെടുത്തതായി എന്‍സിബി വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2004 നും 2014 നും ഇടയില്‍ 40,000 കോടി രൂപയുടെ (26 ലക്ഷം കിലോഗ്രാം) മയക്കുമരുന്നാണ് പിടിച്ചെടുത്തിരുന്നത്.
2004 മുതല്‍ 2014 വരെ 8,000 കോടി രൂപയുടെ (3,26,000 കിലോഗ്രാം) മയക്കുമരുന്നാണ് നശിപ്പിച്ചത്. 2014നും 2026 നും ഇടയില്‍ ഇത് 89,896 കോടി രൂപയുടെ (42,47,000 കിലോഗ്രാം) മയക്കുമരുന്നായി ഉയര്‍ന്നു. 2020ല്‍ 10,000 ഏക്കര്‍ കറുപ്പ് കൃഷി നശിപ്പിച്ചപ്പോള്‍ 2025ല്‍ 42,282 ഏക്കര്‍ കറുപ്പ് കൃഷി നശിപ്പിച്ചു. 2004നും 2014നും ഇടയില്‍ 1,73,000 കേസുകളിലായി 1,95,000 അറസ്റ്റുകള്‍ നടന്നു. 2014 മുതല്‍ 2026 വരെ 8,75,000 കേസുകളിലായി 10,97,000 പേരെയാണ് അറസ്റ്റ് ചെയ്തത്.
















