
രാമപാദുകങ്ങളാണ് അയോധ്യയുടെ സിംഹാസനത്തില്‍. സമീപത്തെ നന്ദിഗ്രാമത്തില്‍ താപസവേഷത്തില്‍ കഴിഞ്ഞുകൊണ്ടാണ് ഭരതകുമാരന്റെ രാജ്യസേവനം. ഭ്രാതാവ് ശത്രുഘ്‌നനുണ്ട് സഹായത്തിന്.
അനുജന്റെ ഉള്ളിലെ തീയണച്ച് യാത്രയാക്കിയ രാമന്റെ തീരുമാനം ചിത്രകൂടാചലംവിട്ട് ഉള്‍വനത്തിലേക്കു യാത്രയാകാനാണ്. അത്രിമഹര്‍ഷിയുടെ ആശ്രമമാണ് ദണ്ഡകാരണ്യയാത്രയിലെ ആദ്യ താവളം. മഹര്‍ഷിയുടെ ധര്‍മപത്‌നിയും ഉത്തമതപസ്വിനിയുമായ അനസൂയാദേവി സീതാദേവിക്കു സമ്മാനിക്കുന്നത് വിശ്വകര്‍മാവിനാല്‍ നിര്‍മിതമായ പട്ടാണ്. ഒപ്പം, കര്‍ണാഭരണങ്ങള്‍, അംഗരാഗം അങ്ങനെയങ്ങനെ.
കാലം നിന്റെ കാന്തി കൂട്ടുകയേ ഉള്ളൂ എന്ന് സീതയോട് അനസൂയ. കാന്തനൊപ്പം മഹാരാജധാനിയില്‍ വസിക്കുമെന്ന് അനുഗ്രഹം. വനാന്തരത്തിലും വാത്സല്യ
നിധിയായ മാതാവിന്റെ സാന്നിധ്യം. വന്നിരിക്കുന്നത് സാക്ഷാല്‍ നാരായണനെന്നു ഞാനറിയുന്നെന്ന് അത്രിമഹര്‍ഷിയും.