തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികൾ തുടരുന്നതിനിടെ തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു. ശംഖുമുഖം, മുതലപ്പൊഴി വിഴിഞ്ഞം, പുതുക്കുറിച്ചി എന്നിവിടങ്ങളിൽ നിന്നും ഇന്നലെ കടലിലേക്ക് പോയവരുടെ കണക്കാണ് ശേഖരിക്കുന്നത്.
എത്രപേർ മീൻ പിടിക്കാൻ പോയി എന്നത് വ്യക്തമല്ല, തീരത്ത് 50 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്. കട്ട മരം തൊഴിലാളികൾ എത്ര എന്നതും കണക്കെടുക്കും. തിരുവനന്തപുരം വിഴിഞ്ഞത്ത് പത്തോളം മത്സ്യത്തൊഴിലാളികളെ കാണാതായെന്ന് പ്രദേശവാസികൾ പറഞ്ഞു. അതിശക്തമായ മഴയെ തുടർന്ന് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും കുടുംബാംഗങ്ങളും രംഗത്തെത്തി. ഇന്നലെ അർദ്ധരാത്രിയോടെയാണ് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് ശ്രീജിത്ത് (28), ശ്രീമോൻ (25) എന്നിവരെ കാണാതായത്.
ഇവരെ കണ്ടെത്തുന്നതിനായി കാര്യക്ഷമമായ രക്ഷാപ്രവർത്തനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാരോപിച്ചാണ് മുതലപ്പൊഴി കോസ്റ്റൽ പൊലീസ് സ്റ്റേഷനുമുന്നിൽ നാട്ടുകാർ പ്രതിഷേധിക്കുന്നത്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി സ്‌കൂബ ഡൈവിംഗ് ടീമിനെ നിയോഗിച്ചുകൊണ്ട് ജില്ലാ കളക്‌ടർ ഉത്തരവിട്ടു.
മഴ കനക്കുന്ന സാഹചര്യത്തിൽ തീരദേശ മേഖലയിലും മലയോര മേഖലയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും വിനോദസഞ്ചാരികൾ മലയോര-തീരദേശ മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് മഴക്കെടുതികൾ നേരിടാന്‍ ശക്തമായ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് സ്പീക്കര്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ ഏകോപിപ്പിക്കും.
















