പനജി: സഹപ്രവര്‍ത്തകയ്‌ക്കു നേരെയുള്ള ലൈംഗികാതിക്രമ കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഗോവ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് വിധി പറയാന്‍ മാറ്റി.
ഗോവ സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെയും തേജ്പാലിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അബാദ് പോണ്ടയുടെയും വാദം കേട്ട ശേഷം ജസ്റ്റിസുമാരായ ഡോ. നീല ഗോഖലെ, അമിത് ജംസന്ദേക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് മാറ്റുകയായിരുന്നു.
കേസില്‍ തേജ്പാലിനെ 2021-ല്‍ ഗോവ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെയാണ് ഗോവ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
2013 നവംബര്‍ 7, 8 തീയതികളില്‍ ഗോവയില്‍ തെഹല്‍ക മാഗസിന്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഹോട്ടലിലെ ലിഫ്റ്റില്‍വച്ച് തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
















