ദുബായ്: അന്താരാഷ്്ട്ര അരങ്ങേറ്റം ഗംഭീരമാക്കിയ ഭാരതത്തിന്റെ യംങ് സെന്‍സേഷനും ഓപ്പണറുമായ വൈഭവ് സൂര്യവംശിക്ക് ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം.
സിംബാബ് വെയ്‌ക്കെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ 230 സ്ഥാനങ്ങള്‍ ഉയര്‍ന്ന് വൈഭവ് കരിയറിലെ ഏറ്റവും മികച്ച റാങ്കായ 48ലെത്തി. മൂന്ന് മത്സരങ്ങളില്‍നിന്ന് 50.33 ശരാശരിയില്‍ 151 റണ്‍സ് നേടിയ താരം പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനും മാന്‍ ഓഫ് ദ മാച്ചുമായി. പരമ്പര 3-0ന് ഭാരതം സ്വന്തമാക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ വെറും 19 പന്തില്‍ അര്‍ധ ശതകം നേടിയ വൈഭവ് അവസാന മത്സരത്തില്‍ 49 പന്തില്‍ നിന്ന് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 81 റണ്‍സും സ്വന്തമാക്കി. ഇതോടെ അന്താരാഷ്‌ട്ര പുരുഷ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ 16 വയസ് തികയുന്നതിന് മുന്‍പ് ഒന്നിലധികം അര്‍ധ ശതകങ്ങള്‍ നേടുന്ന ആദ്യ താരമെന്ന റിക്കാര്‍ഡും സൂര്യവംശി സ്വന്തം പേരിലാക്കി., ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ആണ് റാങ്കിങ്ങില്‍ ഒന്നാമത്.
മോശം ഫോമിലുള്ള അഭിഷേക് ശര്‍മ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാകിസ്ഥാന്‍ താരം സഹിബ്സാദ ഫര്‍ഫാന്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ ആറാം സ്ഥാനത്തെത്തി. മലയാളി താരം സഞ്ജു സാംസണ്‍ 33-ാം സ്ഥാനത്താണ്. ശ്രേയസ് അയ്യര്‍ 24-ാമതും സൂര്യകുമാര്‍ യാദവ് 19-ാം സ്ഥാനത്തുമുണ്ട്.
















