ന്യൂദല്‍ഹി: വിദ്യാഭ്യാസ വിദഗ്ധരെ ‘ഗോമൂത്ര വിദഗ്ധര്‍’ എന്ന് അധിക്ഷേപിച്ച വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്കെതിരേ പ്രതിഷേധം ശക്തം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പരീക്ഷാ പരിഷ്‌കരണത്തിന് രൂപീകരിച്ച ഹൈപ്പവര്‍ ടാസ്‌ക് ഫോഴ്സ് അംഗങ്ങള്‍ക്കെതിരേയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. പൊതു പരീക്ഷാ ഭേദഗതി ബില്ലിലെ ചര്‍ച്ചയ്‌ക്കിടെയുള്ള പരാമര്‍ശത്തിനെതിരേ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ബില്‍ ചര്‍ച്ചയ്‌ക്കിടെ പുതിയ സമിതിയില്‍ ഒരു മുന്‍ ഐബി മേധാവിയും ഐടി കമ്പനി ഉടമയും ഒപ്പം ഒരു ഗോമൂത്ര വിദഗ്ധനുമുണ്ട് എന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം.
ഐടി കമ്പനി ഉടമയെന്ന് വിശേഷിപ്പിച്ച ഹൈപ്പവര്‍ ടാസ്‌ക് ഫോഴ്സ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി ഇന്‍ഫോസിസ് സ്ഥാപകരിലൊരാളും ചെയര്‍മാനും കോണ്‍ഗ്രസ് നടപ്പാക്കിയ ആധാറിന്റെ ഉപജ്ഞാതാവുമാണ്. കാബിനറ്റ് റാങ്ക് പദവി നല്കിയാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാനായി നന്ദന്‍ നിലേക്കനിയെ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നിയമിച്ചത്. മാത്രമല്ല 2006ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാലത്തുതന്നെ പദ്മഭൂഷണ്‍ സമ്മാനിച്ച് ആദരിച്ചു. മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ അദ്ദേഹം 1978ല്‍ മുംബൈ പട്‌ന കമ്പ്യൂട്ടര്‍ സിസ്റ്റംസില്‍ ജോലി ചെയ്യവേയാണ് ഇന്‍ഫോസിസ് ആരംഭിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സ് റിലേഷന്‍സ് പ്രസിഡന്റാണ്. ഭാരതത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് തുടക്കം കുറിച്ച യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫോസിന്റെ (യുപിഐ) രൂപീകരണത്തിലും നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം 2014ല്‍ ബെംഗളൂരു സൗത്ത് നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്നു. നന്ദന്‍ നിലേക്കനിയെ അധിക്ഷേപിച്ചതിനെതിരേ കോണ്‍ഗ്രസില്‍ നിന്നുതന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഗോമൂത്രത്തെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ ഗോമൂത്ര വിദഗ്ധനെന്ന് പ്രിയങ്ക പരിഹസിച്ച ഐഐടി മദ്രാസ് ഡയറക്ടര്‍ വി. കാമകോടി, ഐഐടി- മദ്രാസില്‍ നിന്ന് തന്നെ സയന്‍സ് ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ പിഎച്ച്ഡിയും നേടി 2001ല്‍ അതേ സ്ഥാപനത്തിന്റെ ഫാക്കല്‍റ്റിയായി ചേര്‍ന്ന വിദ്യാഭ്യാസ വിദഗ്ധനാണ്. കമ്പ്യൂട്ടര്‍ ആര്‍ക്കിടെക്ചര്‍, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, വിഎല്‍എസ്ഐ ഡിസൈന്‍ എന്നിവയില്‍ വൈദഗ്ധ്യം നേടിയ അദ്ദേഹം 2022 ജനുവരിയില്‍ ഐഐടി- മദ്രാസ് ഡയറക്ടറായി. രാജ്യത്തെ ആദ്യ തദ്ദേശീയ മൈക്രോപ്രോസസര്‍ ‘ശക്തി’ വികസിപ്പിച്ചെടുത്തത് കാമകോടിയുടെ നേതൃത്വത്തിലാണ്. ഗവേഷണ രംഗത്ത് ഡിആര്‍ഡിഒ ഉള്‍പ്പടെ സ്ഥാപനങ്ങളുടെ പുരസ്‌കാരം നേടിയ അദ്ദേഹം ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗം കൂടിയാണ്. തികഞ്ഞൊരു വിദ്യാഭ്യാസ വിദഗ്ധനെയാണ് ഗോമൂത്ര വിദഗ്ധനെന്ന് പ്രിയങ്ക അധിക്ഷേപിച്ചത്. നിരവധി തീവ്രവാദ ആക്രമണങ്ങളെ ചെറുത്ത് തോല്‍പിക്കാന്‍ നേതൃത്വം നല്കിയ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ഹൈപ്പവര്‍ ടാസ്‌ക് ഫോഴ്സ് അംഗം മുന്‍ ഐബി ഡയറക്ടര്‍ തപന്‍ ദെക്ക.
രാജ്യം ആദരിക്കുന്ന ശാസ്ത്രജ്ഞനെ പ്രിയങ്ക അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ ലോക്സഭയില്‍ തന്നെ മറുപടി നല്കി. പ്രിയങ്കയും രാഹുല്‍ ഗാന്ധിയും ഒരേ പാതയിലാണെന്നും മൂല്യങ്ങളെക്കുറിച്ച് അറിയാന്‍ ആര്‍എസ്എസില്‍ ചേരണമെന്നും അപ്പോഴേ രാജ്യത്തെക്കുറിച്ച് ചിന്തയുണ്ടാകൂവെന്നും അദ്ദേഹം തിരിച്ചടിച്ചു. വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക വിദഗ്ധരെ അധിക്ഷേപിച്ചുള്ള പ്രിയങ്കയുടെ പരാമര്‍ശത്തിനെതിരേ വിദ്യാഭ്യാസ വിദഗ്ധരടക്കം വമിര്‍ശനമുന്നയിച്ചിട്ടുണ്ട്.
















