കൊച്ചി: ബാങ്ക് ഇലക്ഷനില്‍ തോറ്റതിന് താത്കാലിക പ്രസിഡന്‌റിന്‌റെ വീട്ടില്‍ അതിക്രമിച്ച് കയറി റീത്ത് വെച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിലായി. കൂത്താട്ടുകുളത്തെ കേരള കോണ്‍ഗ്രസ് എം നേതാവ് പി കെ ജോണിന്റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ പാലക്കുഴ മേഖലാ പ്രസിഡന്റ് എല്‍ദോസ് സണ്ണിയാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സണ്ണിയാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്തമായത്.
പാലക്കുഴ സര്‍വീസ് സഹകരണ ബാങ്കിലെ പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. കോണ്‍ഗ്രസും സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും അവിശ്വാസപ്രമേയത്തെ പിന്തുണച്ചു. തുടര്‍ന്ന് പികെ ജോണ്‍ താല്‍ക്കാലിക പ്രസിഡന്റായി. ഇതിലുള്ള അമര്‍ഷമാണ് ജോണിന്‌റെ വീട്ടില്‍ അതിക്രമിച്ചുകയറി റീത്തുവയ്‌ക്കാന്‍ എല്‍ദോസിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
















