തിരുവനന്തപുരം: ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ രൂക്ഷമായി വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു.തിരുവനന്തപുരം സൈബര്‍ പൊലീസ് കലാപാഹ്വാനത്തിനും പൊതുമധ്യത്തില്‍ അധിക്ഷേപിച്ചതിനും ആണ് കേസെടുത്തത്.യൂത്ത് കോണ്‍ഗ്രസും ഇടത് യുവജനസംഘടനകളും നേരത്തേ മോഹന്‍ദാസിനെതിരെ പരാതി നല്‍കിയിരുന്നു.
കേസെടുക്കാന്‍ വൈകരുതെന്ന് കോണ്‍ഗ്രസിനുളളില്‍ നിന്ന് തന്നെ അഭിപ്രായമുയര്‍ന്നതിന് പിന്നാലെയാണ് നടപടി. കേസെടുക്കാന്‍ വൈകുന്നെന്ന് കുറ്റപ്പെടുത്തി ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ അടക്കം രംഗത്ത് വന്നിരുന്നു.ടി.ജി.മോഹന്‍ദാസിനെതിരെ ആദ്യം പരാതി നല്‍കിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോനാണ്. പിന്നാലെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ നിരവധി പരാതികള്‍ എത്തി.
ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനല്‍ വഴി വീഡിയോകള്‍ പ്രചരിപ്പിച്ചെന്നാണ് എഫ്‌ഐആര്‍. ടി ജിയുടെ കൊച്ചിയിലേക്ക് വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് ഗാന്ധിചിത്രവുമായി പ്രകടനം നടത്തി.ഡി വൈ എഫ് ഐയും ടി ജിയെ അധിക്ഷേപിച്ച് മുദ്രാവാക്യങ്ങളുമായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.വീടിന് മുന്നില്‍ ബാരിക്കേഡ് വച്ച് പൊലീസ് പ്രകടനക്കാരെ നിയന്ത്രിച്ചു.
അതേസമയം, ടി ജി മോഹന്‍ദാസിന്റെ അഭിപ്രായം വ്യക്തിപരമെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. സംഘടന അതിനോട് യോജിക്കുന്നില്ലെന്നും അപലപനീയമെന്നും ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത കാര്യവാഹ് കെ ബി ശ്രീകുമാര്‍ വ്യക്തമാക്കി. ആര്‍എസ്എസ് ചുമതലയില്‍ മോഹന്‍ദാസ് ഇല്ലെന്നും അറിയിച്ചു.
















