കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ നിശ്ശബ്ദവും എന്നാൽ അത്യന്തം സർഗ്ഗാത്മകവുമായ പ്രവർത്തനങ്ങളിലൂടെ പൊതുജന മനസില്‍ ഇടം നേടിയ മഹദ് വ്യക്തിയാണ് എം.എ. കൃഷ്ണൻ എന്ന എം.എ. സാർ. അടൂരിലെ ഐവർകാല എന്ന ഗ്രാമത്തിൽ നിന്നും ആരംഭിച്ച് കേരളത്തിന്റെ സാംസ്കാരിക-സാമൂഹ്യ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന ആ ജീവിതം ഏവര്‍ക്കും പ്രേരണയാണ്.
തുടക്കവും വിദ്യാഭ്യാസവും
തിരുവനന്തപുരം സംസ്കൃത കോളേജിൽ നിന്നാണ് അദ്ദേഹം സംസ്കൃതത്തിലും മലയാളത്തിലും ബിരുദവും ബിരുദാനന്തര പഠനവുമൊക്കെ പൂർത്തിയാക്കുന്നത്. ആ സമയത്ത് തിരുവനന്തപുരത്ത് വിദ്യാര്‍ഥിയായിരുന്ന ഞാൻ പുത്തന്‍ ചന്ത ശാഖയില്‍ വച്ചാണ് എം എ സാറിനെ പരിചയപ്പെടുന്നത്. പഠനം കഴിഞ്ഞ് അമ്പതുകളുടെ തുടക്കത്തില്‍ തന്നെ പ്രചാരകനാകാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. അക്കാലത്തൊക്കെ പ്രചാരകനെ വച്ചാല്‍ അവര്‍ക്ക് നിത്യചെലവിനുള്ള പണം നല്‍കാന്‍ ബുദ്ധിമുട്ടായിരുന്നു. അതു തന്നെ കാരണം. പൊൻകുന്നത്തും വാഴൂരുമുള്ള സ്കൂളുകളിൽ അധ്യാപകനായി എം എ സാര്‍ സേവനമനുഷ്ഠിച്ചു. വാഴൂർ തീർത്ഥപാദാശ്രമത്തിൽ താമസിച്ചുകൊണ്ടാണ് അദ്ദേഹം ആ ഭാഗങ്ങളിൽ സംഘപ്രവർത്തനങ്ങൾ വ്യാപിപ്പിച്ചത്. അതോടെ സ്വാഭാവികമായും അദ്ദേഹം എല്ലാവരുടെയും ‘എം.എ. സാർ’ ആയി മാറി. കോട്ടയം ജില്ലയുടെ കിഴക്കൻ മലയോരങ്ങളില്‍ പ്രത്യേകിച്ച് പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ എം.എ. സാര്‍ ഓരോ പ്രവര്‍ത്തകര്‍ക്കും സ്വന്തം കുടുംബാംഗം തന്നെയാണ്.
ഞാൻ പഠനം കഴിഞ്ഞ് തൊടുപുഴയില്‍ ശാഖ തുടങ്ങിയെങ്കിലും പ്രചാരകനാകണമെന്നായിരുന്നു ആഗ്രഹം. ഇക്കാര്യം സൂചിപ്പിച്ച് അന്നത്തെ പ്രാന്തപ്രചാരക്(തമിഴ്നാടും കേരളവും) ദത്താജി ഡിഡോള്‍ക്കര്‍ക്ക് കത്തെഴുതി. തൊടുപുഴയിലെ ശാഖാ പ്രവര്‍ത്തനങ്ങള്‍ക്കായി എം എ സാറിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ കാര്യങ്ങള്‍ ഏല്‍പ്പിക്കണമെന്നും കാട്ടി മറുപടി വന്നു. അക്കാലത്ത് തൊടുപുഴയില്‍ എം എ കൃഷ്ണൻ എന്നതിന്റെ ചുരുക്കമായി എംഎകെ അഥവാ മാക് എന്ന വിളിപ്പേര് അദ്ദേഹത്തിന് ലഭിച്ചു. അന്ന് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ സാമഗ്രികളുമായി പോയിരുന്ന കൂറ്റൻ ട്രെയിലറുകളിൽ ‘M A K’ (മാക്) എന്ന് എഴുതിയിരുന്നു. ‘മാക്’ എന്ന വിളിപ്പേര് അങ്ങനെ തൊടുപുഴയിലെ സ്വയംസേവകർക്കിടയിൽ അദ്ദേഹത്തിന് ലഭിച്ച ഓമനപ്പേരായി മാറി.
ആരോഗ്യപ്രശ്നങ്ങളും കേസരിയിലേക്കുള്ള നിയോഗവും
ആരോഗ്യപരമായി തുടക്കം മുതലേ അദ്ദേഹം വലിയ വെല്ലുവിളികൾ നേരിട്ടിരുന്നു. നാഗ്പൂരിൽ മൂന്നാം വർഷ ഒ.ടി.സിക്ക് (സംഘശിക്ഷാവർഗ്) ഞങ്ങളൊന്നിച്ചാണ് പോയത്. പക്ഷെ ഗാലപ്പിംഗ് ടിബി ബാധിച്ച കടുത്ത അനാരോഗ്യം കാരണം ക്യാമ്പിലെ ശാരീരിക പരിപാടികളില്‍ പങ്കെടുക്കാൻ കഴിയാതെ എം എ സാര്‍ നാഗ്പൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലാവുകയായിരുന്നു. ഇത്തരം ക്ഷയം വന്നിട്ടുള്ളവര്‍ പിന്നീട് ജീവിച്ചതു തന്നെ അപൂര്‍വമായ സംഭവമായിരുന്നു അക്കാലത്ത്. അതിന്റെ തുടര്‍ച്ചയെന്നോണം അദ്ദേഹത്തിന് പ്രത്യേക പരിചരണവും മത്സ്യവും മാംസവും ചേര്‍ന്ന പോഷകാഹാരവും ആവശ്യമായി വന്നു.
അനാരോഗ്യം മൂലം ദൈനംദിന പ്രവർത്തനങ്ങൾ പ്രയാസകരമായപ്പോൾ, അദ്ദേഹത്തിന്റെ ഭാഷാപരിജ്ഞാനവും എഴുത്തുസാമർത്ഥ്യവും കണക്കിലെടുത്ത് കേസരി വാരികയുടെ പ്രവർത്തനങ്ങളിലേക്ക് നിയോഗിച്ചു. 1965 ല്‍ വൈക്കത്ത് ഉദയനാപുരത്തിനടുത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ ദ്വീപില്‍ നടന്ന പ്രചാരക് ബൈഠക്കില്‍ കേസരി രാഘവേട്ടന്റെ ആവശ്യപ്രകാരമായിരുന്നു ഈ മാറ്റം. കാര്യാലയത്തിൽ അദ്ദേഹം താമസിക്കുകയും അവിടെ അദ്ദേഹത്തിനായി പ്രത്യേകം ഭക്ഷണവും ക്രമീകരണങ്ങളും ഒരുക്കുകയും ചെയ്തു. അക്കാലത്ത് കേസരി പത്രാധിപരായിരുന്ന സാധുശീലന്‍ പരമേശ്വരൻ പിള്ളയോടൊപ്പം ചേർന്ന് കേസരിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം സജീവമാക്കി.
സാഹിത്യ സമ്പർക്കവും തപസ്യയുടെ പിറവിയും
തിരുവനന്തപുരത്തെ പഠനകാലം മുതലേ ഉള്ളൂർ, ബാലരാമപണിക്കർ തുടങ്ങിയ പ്രമുഖ സംസ്കൃൃത പണ്ഡിതന്മാരുമായി എം.എ. സാറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. കോഴിക്കോട് നടന്ന ജനസംഘം സമ്മേളനത്തോടനുബന്ധിച്ച് ഭാരതത്തിലെ വിവിധ ഭാഷാ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഇംപീരിയൽ ഹോട്ടലിൽ വെച്ച് അദ്ദേഹം സംഘടിപ്പിച്ച സാഹിത്യസദസ്സ് വലിയ ശ്രദ്ധ നേടി. അടൽ ബിഹാരി വാജ്‌പേയി, ഗിരിജാ ശങ്കര്‍ വാജ്പേയി, കെ.ആർ. മൽക്കാനി തുടങ്ങിയ പ്രമുഖർ അതിൽ പങ്കെടുത്തു. ഭാഷാസാഹിത്യകാരന്മാരുടെ അഖിലേന്ത്യാ സമ്മേളനം പിന്നീട് വർഷം തോറും നടക്കുന്നത് ഒരു പതിവായി മാറി.
അടിയന്തരാവസ്ഥക്കാലത്താണ് എം.എ. സാറിന്റെ നേതൃത്വത്തിൽ കേരളത്തിലെ സാഹിത്യരംഗത്ത് നിർണ്ണായകമായ കൂട്ടായ്‌മ രൂപപ്പെടുന്നത്. ഭാരതപ്പുഴയെ കേന്ദ്രീകരിച്ച് ‘നിളയുടെ ഇതിഹാസം’ എന്ന പേരിൽ അദ്ദേഹം ഒരു കൂട്ടായ്‌മ സംഘടിപ്പിച്ചു. അക്കിത്തം, വി.ടി. ഭട്ടതിരിപ്പാട്, വി.എം. കൊറോത്ത് തുടങ്ങിയ നിരവധി പ്രമുഖ സാംസ്കാരിക നായകന്മാരെ സംഘപ്രസ്ഥാനങ്ങളുമായി അടുപ്പിക്കുന്നതിൽ എം.എ. സാർ പ്രധാന പങ്കുവഹിച്ചു. ഈ കൂട്ടായ്‌മയാണ് പിന്നീട് ‘തപസ്യ കലാസാഹിത്യ വേദി’ എന്ന വലിയ സാംസ്കാരിക പ്രസ്ഥാനമായി വളർന്നത്.
ഇത്രയധികം ശാരീരിക ക്ലേശങ്ങളെ മനക്കരുത്തുകൊണ്ട് അതിജീവിച്ച മറ്റൊരാളുണ്ടാകുമോ, സംശയമാണ്. പരമേശ്വര്‍ജിയ്‌ക്ക് പത്മവിഭൂഷൺ ലഭിച്ച അവസരത്തില്‍ എളമക്കരയിലെ പ്രാന്ത കാര്യാലയത്തില്‍ വച്ച് അദ്ദേഹത്തെ കാണാനിടയായി. കാര്യാലയത്തിന്റെ മുകളിലെ മുറിയില്‍ എം എ സാറിനൊപ്പം കുശലം പറഞ്ഞിരിക്കുമ്പോള്‍ നമ്മളേക്കാള്‍ ഇപ്പോ ആരോഗ്യം എം എ സാറിനാണെന്ന് പരമേശ്വര്‍ജി പറഞ്ഞു. ബാലഗോകുലവും തപസ്യയുമടക്കം നിരവധി പ്രസ്ഥാനങ്ങൾക്ക് അടിത്തറയിട്ട ആ ധന്യജീവിതം മലയാളത്തിന്റെ സാംസ്കാരിക മണ്ഡലത്തിന് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.
















