തിരുവനന്തപുരം: ലഹരിവിരുദ്ധ പടയോട്ടമായ ‘ഓപ്പറേഷൻ തൂഫാന്’ പിന്നാലെ അഴിമതി തടയുന്നതിനായി പുതിയ പദ്ധതിയുമായി സംസ്ഥാന ആഭ്യന്തര വകുപ്പ്. അഴിമതി കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതിപ്പെടാൻ ‘വിജിലൻസ് വിസില്‍’ പദ്ധതിക്ക് തുടക്കമായിരിക്കുകയാണ്. പദ്ധതിയുടെ ആദ്യ ‘വിസില്‍ കമാൻഡോ’യായി പ്രമുഖ നടൻ നിവിൻ പോളി ഇന്ന് അണിചേരും.
യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ അഴിമതിരഹിതമായ സുതാര്യമായ ഒരു കേരളം വാര്‍ത്തെടുക്കുക എന്നതാണ് പ്രൊജക്റ്റ് സീറോ വിജിലൻസ് വിസിലിന്റെ പ്രധാന ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ ആദ്യ വിജിലന്‍സ് കമാന്‍ഡോ ആയി മാറുന്ന നിവിന്‍ പോളി യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വി മുരളീധരന്‍ എംഎല്‍എ ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
ഇതിന്റെ ഭാഗമായി അഴിമതിക്കെതിരെ പോരാടാന്‍ യുവജനങ്ങളെ ‘വിജിലന്‍സ് കമാന്‍ഡോകള്‍’ ആയി അണിനിരത്തുകയും, ആഭ്യന്തര വിജിലന്‍സ് ഓഫിസര്‍മാര്‍ക്കായി വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അഴിമതിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിജിലന്‍സ് മാന്വല്‍ കാലോചിതമായി പരിഷ്‌കരിച്ചിരുന്നു. അഴിമതി സംബന്ധമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് 1064 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. വിവരം നല്‍കുന്നവരുടെ ഔദ്യോഗിക വിവരങ്ങള്‍ കര്‍ശനമായി രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. യുവജനതയുടെ നേതൃത്വത്തിലുള്ള ഈ സാമൂഹ്യ പ്രതിബദ്ധതാ ദൗത്യത്തില്‍ മുഴുവന്‍ ജനങ്ങളും പങ്കാളികളാകണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും മന്ത്രി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
















