
ഗ്ലാസ്ഗോ: 2026 ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ ആവേശകരമായി പുരോഗമിക്കവേ മെഡല്‍ പട്ടികയില്‍ തങ്ങളുടെ ആധിപത്യം തുടരുകയാണ് ഓസ്ട്രേലിയ. 28 മെഡലുകളുമായി ഓസ്ട്രേലിയ ആണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. ആതിഥേയരായ സ്‌കോട്ട്ലന്‍ഡും ഇംഗ്ലണ്ടും കടുത്ത പോരാട്ടവുമായി തൊട്ടുപിന്നിലുണ്ട്. ഭാരത കായികതാരങ്ങളും രാജ്യത്തിനായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. നിലവില്‍ 2 സ്വര്‍ണ്ണവും, 5 വെള്ളിയും, 3 വെങ്കലവും ഉള്‍പ്പെടെ 10 മെഡലുകളുമായി ഭാരതം പട്ടികയില്‍ 8ാം സ്ഥാനത്താണ്.
ഭാരതത്തിന്റെ പ്രധാന മെഡല്‍ നേട്ടങ്ങള്‍
വെയ്റ്റ്ലിഫ്റ്റിംഗ്: വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായ് ചാനു സ്വര്‍ണ്ണം നേടി രാജ്യത്തിന്റെ അഭിമാനമായി. കൂടാതെ ഋഷികാന്ത സിംഗ്, രാജ മുത്തുപാണ്ഡി, വല്ലൂരി അജയ് ബാബു, ജ്ഞാനേശ്വരി യാദവ് എന്നിവര്‍ വെള്ളിയും ബിന്ദ്യാറാണി ദേവി വെങ്കലവും നേടി വെയ്റ്റ്ലിഫ്റ്റിംഗില്‍ മെഡല്‍ വേട്ടക്ക് കരുത്തു പകര്‍ന്നു.
പാരാഅത്ലറ്റിക്സ്: വനിതകളുടെ ഷോട്ട്പുട്ടില്‍ ഷര്‍മിള ധങ്കര്‍ സ്വര്‍ണ്ണവും, ഷില്‍പ ഷൈല വെങ്കലവും സ്വന്തമാക്കി. പുരുഷന്മാരുടെ ഹൈജമ്പില്‍ സര്‍വേശ് കുഷാരെ ഇന്ത്യക്കായി വെള്ളി മെഡല്‍ കരസ്ഥമാക്കി.
പാരാപവര്‍ലിഫ്റ്റിംഗ്: പുരുഷന്മാരുടെ ഹെവിവെയ്റ്റില്‍ ഝാന്ദു കുമാര്‍ വെങ്കലം നേടി ഇന്ത്യയുടെ മെഡല്‍ വേട്ടക്ക് തുടക്കമിട്ടു. ഓഗസ്റ്റ് 2 വരെ നീണ്ടുനില്‍ക്കുന്ന ഗെയിംസില്‍ അത്ലറ്റിക്സ്, ബോക്സിംഗ് എന്നിവയിലടക്കം ഇനിയും പ്രധാന മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം കൂടുതല്‍ ഉയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഭാരതം ഇന്ന് : അത്ലറ്റിക്സ്
ഉച്ചകഴിഞ്ഞ്
3:00 വനിതകളുടെ 200 മീറ്റര്‍ (റൗണ്ട് 1)
3:35 പുരുഷന്മാരുടെ ഷോട്ട്പുട്ട്
3:40 പുരുഷന്മാരുടെ ഒരു മൈല്‍ (റൗണ്ട് 1)
4:02 പുരുഷന്മാരുടെ 200 മീറ്റര്‍ (റൗണ്ട് 1)
5:03 പുരുഷന്മാരുടെ 11/12 100 മീറ്റര്‍
5:21 വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് രാത്രി
11:30 വനിതകളുടെ ഡിസ്‌കസ് ത്രോ എ4244/എ6164 (മെഡല്‍ ഇവന്റ്)
11:45 വനിതകളുടെ 1500 മീറ്റര്‍ 54(മെഡല്‍ ഇവന്റ്)
11:54 പുരുഷന്മാരുടെ ലോംഗ്ജമ്പ് (മെഡല്‍ ഇവന്റ്)