
സീതാദേവിയെ എങ്ങിനെയെങ്കിലും തന്റെ കൂടെ കൂട്ടിക്കൊണ്ടുവരണമെന്ന ആഗ്രഹത്തില്‍ അതിനു സഹായം തേടി രാവണന്‍ തന്റെ മാതുലന്‍, മാരീചന്റെ അടുത്തെത്തി. മായാവിയായ മാരീചനെ ഒരു സ്വര്‍ണ്ണമാനിന്റെ രൂപത്തില്‍ ചെന്ന് രാമനെയും ലക്ഷ്മണനെയും സീതയില്‍ നിന്നും അകറ്റാന്‍ ആവശ്യപ്പെട്ടു. അനുസരിക്കാതിരുന്നാല്‍ രാവണന്റെ വാള്‍ കൊണ്ടാവും തന്റെ മരണം എന്നറിഞ്ഞ മാരീചന്‍ രാമബാണമേറ്റുള്ള മരണമാണ് ശ്രേഷ്ഠമെന്നു കരുതി മായപ്പൊന്‍മാനായി രൂപംമാറി.
മിന്നുന്ന വെള്ളിപ്പുള്ളികളും നീലമണിപോല്‍ തിളങ്ങുന്ന കണ്ണുകളുമുള്ള മനോഹരനായ മാന്‍കുട്ടി. അവന്‍ ആശ്രമത്തിനടുത്ത് ഓടിക്കളിച്ച്, സീതയുടെ ശ്രദ്ധപിടിച്ചുപറ്റി. ആ മോഹനമൃഗത്താല്‍ ആകര്‍ഷിക്കപ്പെട്ട്, അവള്‍ രാമനോട് ആ മാനിനെ പിടിച്ചുകൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. രാമന്‍, ഇതൊരു ചതിയാണെന്ന് മനസ്സിലാക്കിയെങ്കിലും സീതയെ സന്തോഷിപ്പിക്കാന്‍ വേണ്ടി അതിനു പിറകെ പോ
യി. പിടിക്കാനാവില്ലെന്നു ബോധ്യമായപ്പോള്‍ രാമന്‍ അമ്പയച്ചു. മാനിന്റെ വേഷം ധരിച്ച മാരീചന്‍ മരണസമയത്ത് വേദനയോടെ രാമന്റെ ശബ്ദം അനുകരിച്ച്, സഹായത്തിനായി നിലവിളിച്ചു. സീതയുടെ കഠോര വാക്കുകള്‍ കേട്ട് വേദനയോടെ ലക്ഷ്മണന്‍ ആശ്രമംവിട്ട് രാമനെ തേടിയിറങ്ങി.
സീതാപഹരണം
ഈ സമയത്ത്, രാവണന്‍ ഒരു മഹര്‍ഷിയുടെ വേഷത്തില്‍ ആശ്രമത്തിലെത്തി. സീതയെ ബലമായി രഥത്തില്‍ കയറ്റി ആകാശ മാര്‍ഗ്ഗേകൊണ്ടുപോയി. സീത രാമനേയും ലക്ഷ്മണനേയും വിളിച്ചു നിലവിളിച്ചു. ഇതുകണ്ട പക്ഷിശ്രേഷ്ഠന്‍ ജടായു തന്റെ ശക്തിമുഴുവന്‍ സംഭരിച്ചു രാവണനെ ആക്രമിച്ചു. ആകാശരഥം തകര്‍ത്ത് രക്ഷസന്റെ ദേഹം കീറിമുറിച്ചു. പക്ഷേ പെട്ടെന്ന് രാവണന്‍ ചന്ദ്രഹാസമെന്ന വാള്‍ വീശി ജടായുവിന്റെ ചിറകുകള്‍ മുറിച്ച്, നിലത്തിട്ടു. ദേഹം മുഴുവന്‍ പരിക്കേറ്റ ജടായു വനത്തില്‍ വേദനയോടെ കിടന്നു.
വനത്തിന് മുകളിലൂടെ പറക്കുമ്പോള്‍, സീത താഴെ മലമുകളില്‍ കൂടി നില്‍ക്കുന്ന അഞ്ച് കുരങ്ങന്മാരെ കണ്ടു. പെട്ടെന്ന് തന്നെ അവള്‍ തന്റെ ആഭരണങ്ങള്‍ ഒരു തുണിയില്‍ പൊതിഞ്ഞ് താഴേയ്‌ക്ക് വലിച്ചെറിഞ്ഞു. ആകാശരഥത്തില്‍ പറന്ന് രാവണന്‍ ലങ്കയില്‍ എത്തി സീതയെ അശോകവനത്തില്‍ തടഞ്ഞു വച്ചു.
സീതയെ ഒറ്റയ്‌ക്ക് വിട്ടു വന്നതിന് രാമന്‍ ലക്ഷ്മണനോട് ശകാരസ്വരത്തില്‍, ”ഒരു സ്ത്രീ വിഷമസമയത്ത് ജല്‍പ്പിക്കുന്ന വാക്കുകള്‍ ഹൃദയത്തില്‍ എടുക്കരുതെന്ന്” ഓര്‍മ്മിപ്പിച്ചു. പെട്ടെന്നവര്‍ ആശ്രമത്തിലേക്ക് തിരിച്ചെത്തി. സീതയെ അവിടെ കാണാഞ്ഞ് രാമന്‍ കപടദുഃഖം പ്രകടിപ്പിച്ച്, ”അല്ലയോ സീതേ, അല്ലയോ ജാനകീ, എന്നെയിങ്ങിനെ കളിപ്പിക്കാതെ! മറഞ്ഞിരിക്കാതെ പുറത്തു വരൂ!” എന്ന് വിളിച്ചുകരഞ്ഞു. പക്ഷേ രാമന്റെ വിളികള്‍ക്ക് നിശബ്ദത മാത്രമായിരുന്നു മറുപടി.
സീതാന്വേഷണം, ജടായു സദ്ഗതി
ചുറ്റുപാടുമുള്ള വനപ്രദേശത്ത് സീതയെ തേടാന്‍ ആരംഭിച്ച്, അവര്‍ മരങ്ങളോടും പക്ഷികളോടും മൃഗങ്ങളോടും സീതയെ കണ്ടോ എന്ന് ചോദിച്ചു നടന്നു. മണ്ണിന്റെ പുത്രിയായ സീതയെ പ്രകൃതിതന്നെ സ്വയം അവളിരിക്കുന്നയിടം വെളിപ്പെടുത്തിയേക്കാമെന്ന് അവര്‍ കരുതി. സീതയെത്തേടി നടക്കുന്നതിനിടയില്‍ കാട്ടുപാതയില്‍ അവരുടെ മുമ്പില്‍ ഒരു തകര്‍ന്ന രഥം കാണായി. ഒരു മല്ലയുദ്ധം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടു. വീണ്ടും നോക്കിയപ്പോള്‍ മരണാസന്നനായ ജടായുവിനെ, അരികില്‍ കണ്ടെ ത്തി. ”ഞാന്‍ രാവണനുമായി പോരാടി, അവന്റെ രഥം നശിപ്പിച്ചു, പക്ഷേ അവന്‍ എന്റെ ചിറകുകള്‍ അരിഞ്ഞ് ദേഹം മുറിപ്പെടുത്തി ഇവിടെയിട്ട ശേഷം സീതയുമായി ദക്ഷിണദിക്കിലേക്ക് ആകാശമാര്‍ഗ്ഗേ പോയി.” ജടായു വിശദീകരിച്ചു.
തന്റെ അവസാനശ്വാസമെടുക്കുന്ന സമയത്ത് ജടായു രാമനെ പരംപൊരുളായി തിരിച്ചറിഞ്ഞ് ഭഗവാന്റെ ആശീര്‍വാദം തേടി. ജടായു ഭഗവാനെ സ്തുതിച്ച് രാമകൃപയാല്‍ മോക്ഷം നേടി. ഒരു മഹാഭക്തന് യോഗ്യമായ സ്‌നേഹവും ബഹുമതിയും ജടായുവിന് നല്‍കി രാമനും ലക്ഷ്മണനും ചേര്‍ന്ന് അവസാന കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. ജടായുവിന്റെ ആത്മാവ് വിഷ്ണുസവിധത്തിലേക്ക് ഉയര്‍ന്നുപോയി.