
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ താൽക്കാലികമായി ലഭ്യമല്ലാതാക്കിയ സംഭവത്തിൽ മെറ്റയുടെ ക്ഷമാപണം. സാങ്കേതിക തകരാറിനെ തുടർന്നാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും, ഇത് മനഃപൂർവമായ ഉള്ളടക്ക നിയന്ത്രണ നടപടിയല്ലെന്നും മെറ്റ വ്യക്തമാക്കി. ചൊവ്വാഴ്ച വീഡിയോ പുനഃസ്ഥാപിച്ച മെറ്റ, അബദ്ധവശാലാണ് പോസ്റ്റ് നീക്കം ചെയ്യപ്പെട്ടതെന്ന് സമ്മതിച്ചു.
സംഭവം കേന്ദ്രസർക്കാർ ഗൗരവമായി പരിശോധിക്കുന്നതായും, മെറ്റയുടെയും ഇൻസ്റ്റഗ്രാമിന്റെയും ആഗോള തലവന്മാരെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിളിച്ചുവരുത്തിയതായും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. സിജെപി നേതൃത്വത്തിൽ വിദ്യാർഥി പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെ, ജെൻ സി വിഭാഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആശയവിനിമയത്തിന്റെ വീഡിയോയാണ് ഫേസ്‌ബുക്കിൽ നിന്ന് അപ്രത്യക്ഷമായത്.
ജൂലൈ 28 ചൊവ്വാഴ്ച പുലർച്ചെയാണ് വീഡിയോ ലഭ്യമല്ലെന്ന് ഉപയോക്താക്കൾ ശ്രദ്ധിച്ചത്.
വീഡിയോ ലഭ്യമാകാതിരുന്ന സമയത്ത്, “നിയമപരമായ അഭ്യർത്ഥനയെ തുടർന്ന് ഇന്ത്യയിൽ ഈ പോസ്റ്റ് ലഭ്യമല്ല” എന്ന സന്ദേശമാണ് ചില ഉപയോക്താക്കൾക്ക് ലഭിച്ചത്. ഇതോടെ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വിവിധ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
മണിക്കൂറുകൾക്കകം തന്നെ മെറ്റ വീഡിയോ പുനഃസ്ഥാപിച്ചു. സർക്കാർ നിർദേശമോ ഉള്ളടക്ക നയം നടപ്പാക്കലോ മൂലമല്ല, മറിച്ച് ആന്തരിക സാങ്കേതിക തകരാറിനെ തുടർന്നാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്ന് മെറ്റ വ്യക്തമാക്കി. വീഡിയോ വീണ്ടും പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്നതിന് മുമ്പുതന്നെ, അത് നിയന്ത്രിച്ചതായി കാണിച്ച അറിയിപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
പരീക്ഷാ പേപ്പർ ചോർച്ച സംബന്ധിച്ച ആശങ്കകളും സർക്കാർ സ്വീകരിക്കുന്ന നടപടികളും വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളുമായി നേരിട്ട് നടത്തിയ ആശയവിനിമയത്തിന്റെ ഭാഗമായിരുന്നു ഈ വീഡിയോ. ഇതാണ് വീഡിയോയ്‌ക്ക് വലിയ പൊതുശ്രദ്ധ ലഭിക്കാൻ കാരണമായത്.