
മാതൃത്വത്തിന്റെ രണ്ടു മഹനീയ താരകങ്ങള്‍; കൗസല്യയും സുമിത്രയും. അമ്മ സുമിത്രയെ കൗസല്യാമാതാവിന്റെ കരങ്ങളിലേല്‍പിച്ചാണ് ജ്യേഷ്ഠനൊപ്പം വനയാത്രയ്‌ക്കുള്ള ലക്ഷ്മണന്റെ പുറപ്പാട്.ഈയവസരത്തില്‍ സുമിത്ര മകനു ധര്‍മപ്രബോധനം പകര്‍ന്നുനല്‍കുന്നു. ഇത് രാമായണത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളിലൊന്നായി കാലം വാഴ്‌ത്തിപ്പോരുന്നു.
പിരിയാതെ എപ്പോഴും ജ്യേഷ്ഠനുമുന്നില്‍ നീ കാണണം. അച്ഛന്റെ സ്ഥാനത്തു വേണം ജ്യേഷ്ഠനെ കാണാന്‍. ജ്യേഷ്ഠപത്‌നിയോ? ഞാനാകുന്ന മാതാവുതന്നെ. കൊട്ടാരമുള്ള അയോധ്യയായിത്തന്നെ കാണണം കൊടുംവനത്തെയും. എല്ലാം നല്ലതായി വരും.
ധര്‍മബോധവും ധൈര്യവും ഒരേപോലെ വിളങ്ങുന്ന ഒരമ്മ. സ്വാര്‍ഥചിന്തയാല്‍ രാമനെ വനവാസത്തിനയയ്‌ക്കുന്ന കൈകേയിയും അതിനു കാരണക്കാരിയായ മന്ഥരയും വാഴുന്നിടത്താണ് ഈ സ്ത്രീരത്‌നവും ഉള്ളത്. മഹതികളായ രണ്ടു മാതാക്കള്‍ അയോധ്യയുടെ ആത്മവീര്യം തകരാതെ കാക്കുന്നു.