Samskriti

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

യോഗ സംസ്‌കാരത്തില്‍ ശിവനെ ഒരു ദൈവമായല്ല കാണുന്നത്; പകരം ആദിയോഗി, അല്ലെങ്കില്‍ ആദ്യത്തെ യോഗിയായാണ് കാണുന്നത്. ആദിയോഗി ആദ്യത്തെ ഗുരുവായി (ആദിഗുരു) രൂപാന്തരപ്പെട്ട പൗര്‍ണ്ണമി ദിവസമാണ് ഗുരുപൂര്‍ണിമ.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വര്‍ഷത്തിലെ ഈ സമയത്താണ് അദ്ദേഹത്തിന്റെ ശ്രദ്ധ, ഇപ്പോള്‍ പ്രസിദ്ധരായ സപ്തര്‍ഷികളുടെ മേല്‍ പതിഞ്ഞത്. അദ്ദേഹത്തിന്റെ ആദ്യത്തെ ഏഴ് ശിഷ്യന്മാരായിരുന്നു അവര്‍. അവര്‍ 84 വര്‍ഷത്തോളം ലളിതമായ ചില തയ്യാറെടുപ്പുകള്‍ ചെയ്തിരുന്നു. തുടര്‍ന്ന്, അയനാന്തം ഉത്തരായനത്തില്‍ നിന്നും ദക്ഷിണായനത്തിലേക്ക് മാറിയപ്പോള്‍ അതായത്, ഭൂമിയുമായുള്ള സൂര്യന്റെ സഞ്ചാരം വടക്കുനിന്നും തെക്കന്‍ ദിശയിലേക്ക് മാറിയ ആ ദിവസം, ആദിയോഗി സപ്തര്‍ഷികളെ നോക്കുകയും അവര്‍ അറിവ് സ്വീകരിക്കാന്‍ പ്രാപ്തരായ തിളങ്ങുന്ന പാത്രങ്ങളായി മാറിയതായി കാണുകയും ചെയ്തു. അദ്ദേഹത്തിന് ഇനിയും അവരെ അവഗണിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അടുത്ത പൗര്‍ണ്ണമി ഉദിച്ചപ്പോള്‍, ഒരു ഗുരുവായി മാറാന്‍ തീരുമാനിക്കുകയും ചെയ്തു. ആ പൗര്‍ണ്ണമി ദിനം ഗുരുപൂര്‍ണിമ എന്നറിയപ്പെടുന്നു. അദ്ദേഹം തെക്കോട്ട് തിരിഞ്ഞ്, ആ ഏഴ് ശിഷ്യന്മാര്‍ക്കും യോഗ ശാസ്ത്രം പകര്‍ന്നുനല്‍കാന്‍ ആരംഭിച്ചു.

സൃഷ്ടിയില്‍ നിന്ന് സ്രഷ്ടാവിലേക്ക്
യോഗ ശാസ്ത്രം ശരീരം വളയ്‌ക്കുന്നതിനെയോ ശ്വാസം പിടിച്ചുവെക്കുന്നതിനെയോ കുറിച്ചുള്ളതല്ല. മനുഷ്യ യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കാനും അതിനെ അഴിച്ചുമാറ്റാനും അല്ലെങ്കില്‍ തിരികെ കൂട്ടിച്ചേര്‍ക്കാനുമുള്ള ശാസ്ത്രമാണിത്. അസ്തിത്വത്തെയും സൃഷ്ടിയുടെ ഉറവിടത്തെയും മനുഷ്യര്‍ കാണുന്നതിലും മനസ്സിലാക്കുന്നതിലും ആദിയോഗി ഒരു മാറ്റം കൊണ്ടുവന്നു. കൂടാതെ, സൃഷ്ടിയുടെ ഒരു ചെറിയ ഭാഗത്തിനും സൃഷ്ടിയുടെ ഉറവിടത്തിനും ഇടയില്‍ അദ്ദേഹം തന്നെയൊരു പാലമായി മാറി. അദ്ദേഹം പറഞ്ഞു, ‘നിങ്ങള്‍ ഈ വഴിയിലൂടെ നടക്കുകയാണെങ്കില്‍, നിങ്ങളും നിങ്ങള്‍ സ്രഷ്ടാവ് എന്ന് വിളിക്കുന്നതും തമ്മില്‍ ഒരു വ്യത്യാസവും ഉണ്ടാകില്ല.’ ഈ യാത്ര സൃഷ്ടിയില്‍ നിന്ന് സ്രഷ്ടാവിലേക്കുള്ളതാണ്.

അദ്ദേഹം ഒരു മതത്തെക്കുറിച്ചോ തത്ത്വചിന്തയെക്കുറിച്ചോ അന്ധവിശ്വാസങ്ങളെക്കുറിച്ചോ ആയിരുന്നില്ല സംസാരിച്ചത്. പ്രകൃതി മനുഷ്യജീവിതത്തിന് മേല്‍ വെച്ചിട്ടുള്ള അതിര്‍വരമ്പുകളെ അഴിച്ചുമാറ്റാന്‍ സഹായിക്കുന്ന ഒരു ശാസ്ത്രീയ മാര്‍ഗ്ഗത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

നമ്മള്‍ നിശ്ചയിക്കുന്ന ഓരോ അതിര്‍വരമ്പുകള്‍ക്കും തുടക്കത്തില്‍ സ്വയം സംരക്ഷണം എന്നൊരു ലക്ഷ്യമുണ്ട്. നമ്മുടെ വീടിന് ചുറ്റും വേലി കെട്ടുന്നത് സംരക്ഷണ ലക്ഷ്യത്തോടെയാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഈ അതിര്‍വരമ്പുകള്‍ ഉണ്ടാക്കിയതെന്ന് അറിയാത്ത അവസ്ഥയില്‍ എത്തുമ്പോള്‍, സ്വയം സംരക്ഷണത്തിനായുള്ള അതിരുകള്‍ സ്വയം തടവിലാക്കപ്പെടുന്ന അതിരുകളായി മാറുന്നു. ഈ അതിരുകള്‍ ഒരു രൂപത്തില്‍ മാത്രമല്ല ഉള്ളത്; അവ വളരെ സങ്കീര്‍ണ്ണമായ പല രൂപങ്ങള്‍ കൈകൊണ്ടിട്ടുണ്ട്.

നിങ്ങള്‍ നിങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന മനഃശാസ്ത്രപരമായ അതിരുകളെക്കുറിച്ച് മാത്രമല്ല ഞാന്‍ പറയുന്നത്. നിങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി പ്രകൃതി നിശ്ചയിച്ചിട്ടുള്ള അതിരുകളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. എന്നാല്‍ മനുഷ്യന്റെ സ്വഭാവം എങ്ങനെയെന്നാല്‍, നിങ്ങള്‍ക്ക് മേല്‍ നിശ്ചയിച്ചിട്ടുള്ള അതിരുകളുടെ പരിമിതികളെ മറികടക്കാതെ നിങ്ങള്‍ക്ക് യഥാര്‍ത്ഥ ക്ഷേമം അനുഭവിച്ചറിയാന്‍ കഴിയില്ല. ഇത് മനുഷ്യന്റെ പ്രകൃതമാണ്. നിങ്ങള്‍ അപകടത്തിലായിരിക്കുമ്പോള്‍ നിങ്ങളുടെ ചുറ്റും കോട്ടകള്‍ വേണം. എന്നാല്‍ ആ അപകടം ഇല്ലാതാകുമ്പോള്‍ അവയെല്ലാം തകര്‍ന്ന് അപ്രത്യക്ഷമാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു.

എന്നാല്‍ സ്വയം സംരക്ഷണത്തിനായി നിങ്ങള്‍ ഉണ്ടാക്കിയ അതിര്‍വരമ്പുകള്‍ നിങ്ങളുടെ ആഗ്രഹപ്രകാരം താഴെ വീഴുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തടവറയിലായതുപോലെയും ശ്വാസം മുട്ടുന്നതായും അനുഭവപ്പെടുന്നു; കാരണം, നിങ്ങള്‍ക്കൊരു വിവേചനബുദ്ധി ഉണ്ടായതുകൊണ്ട്, നിങ്ങളെ പരിമിതപ്പെടുത്തുന്ന എന്തും തന്നെ നിങ്ങളെ സംബന്ധിച്ച് ഏറ്റവും മോശമായ കാര്യമാണ്. മനുഷ്യര്‍ പീഡനത്തേക്കാള്‍ കൂടുതല്‍ കഷ്ടപ്പെടുന്നത് തടവിലാക്കപ്പെടുമ്പോഴാണ്. തങ്ങള്‍ തടവിലാക്കപ്പെട്ടു എന്ന അനുഭവം മനുഷ്യനുണ്ടായാല്‍, പിന്നെ അവനനുഭവിക്കുന്ന ദുരിതങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല.

ഗുരുപൂര്‍ണിമ ആദിയോഗി പകര്‍ന്നുനല്‍കിയ മാര്‍ഗ്ഗങ്ങളുടെ ആഘോഷമാണ്.

ഈ അതിര്‍വരമ്പുകളെ മറികടക്കാന്‍ അനുവദിക്കുന്ന അവബോധത്തിന്റെ മാര്‍ഗ്ഗങ്ങള്‍ മനുഷ്യരിലേക്ക് എത്തിക്കുവാന്‍ വേണ്ടിയായിരുന്നു ശിവന്റെ പരിശ്രമം ആ കോട്ടകള്‍ ആവശ്യമുള്ളിടത്തോളം നിലനിര്‍ത്താനും, ആവശ്യമില്ലാത്തപ്പോള്‍ അവ അപ്രത്യക്ഷമാക്കാനും നിങ്ങളെ അനുവദിക്കുന്ന മാര്‍ഗ്ഗങ്ങള്‍.

മനുഷ്യര്‍, മുന്‍പേ നിശ്ചയിക്കപ്പെട്ട ഒരു ജീവിയല്ല എന്ന് ചരിത്രത്തില്‍ ആദ്യമായി മനുഷ്യരാശിയെ ഓര്‍മ്മിപ്പിച്ചത് ഈ ദിവസമാണ്. അവര്‍ പരിശ്രമിക്കാന്‍ തയ്യാറാണെങ്കില്‍, അസ്തിത്വത്തിലെ ഓരോ വാതിലും അവര്‍ക്കായി തുറന്നിരിക്കുന്നു.
ജാതിമതഭേദമന്യേ ഗുരുപൂര്‍ണിമ ആഘോഷിക്കപ്പെടുന്നു.
അതുകൊണ്ട് ഈ ദിവസം മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. അടുത്ത കാലം വരെ ഈ നാട്ടില്‍ അങ്ങനെയാണ് ഇത് കണക്കാക്കപ്പെട്ടിരുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നായിരുന്നു ഗുരുപൂര്‍ണിമ. ആളുകള്‍ ജാതിമത ഭേദമന്യേ ഇത് ആഘോഷിച്ചു, കാരണം ഈ രാജ്യത്ത് സമ്പത്തിനോ പണത്തിനോ ആയിരുന്നില്ല ഏറ്റവും ഉയര്‍ന്ന മൂല്യം കല്‍പ്പിച്ചിരുന്നത്. അറിവിനായിരുന്നു ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കിയിരുന്നത്. സമൂഹത്തില്‍ ഒരു അധ്യാപകനെയോ ഗുരുവിനെയോ ആയിരുന്നു ഏറ്റവും ഉയര്‍ന്ന ശക്തിയായി കണക്കാക്കിയിരുന്നത്, കാരണം, അറിയുക എന്നതാണ് ഏറ്റവും പ്രധാനം. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍, അറിവിന് പകരം നമ്മള്‍ അജ്ഞതയെ ആഘോഷിക്കാന്‍ തുടങ്ങി, കഴിഞ്ഞ 65 വര്‍ഷത്തിനിടയില്‍ ഗുരുപൂര്‍ണിമയ്‌ക്ക് അതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു; കാരണം ഭാരത സര്‍ക്കാര്‍ ഇതിന് അവധി പ്രഖ്യാപിച്ചില്ല.

ബ്രിട്ടീഷുകാര്‍ ഭാരതത്തിലേക്ക് വരുന്നതിന് മുന്‍പ് അമാവാസിയോട് അനുബന്ധിച്ച് മൂന്ന് ദിവസത്തെ അവധിയും പൗര്‍ണ്ണമിയോട് അനുബന്ധിച്ച് രണ്ട് ദിവസത്തെ അവധിയും ഉണ്ടായിരുന്നു. അങ്ങനെ ഒരു മാസത്തില്‍ അഞ്ച് അവധി ദിവസങ്ങള്‍ ഉണ്ടായിരുന്നു, അത് നിങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ പോകാനും നിങ്ങളുടെ ആന്തരിക സൗഖ്യത്തിനായി പ്രവര്‍ത്തിക്കാനും വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ അവര്‍ ഞായറാഴ്ച അവധിയാക്കി. എന്താണ് അതിന്റെ ഉദ്ദേശ്യം? ആ ദിവസങ്ങളില്‍ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ക്ക് അറിയില്ല, അതിനാല്‍ നിങ്ങള്‍ ധാരാളം ഭക്ഷണം കഴിക്കുകയും ടെലിവിഷന്‍ കാണുകയും ചെയ്യുന്നു!

അങ്ങനെ, ഈ ആഘോഷം രാജ്യത്തുടനീളം സാവധാനം ഇല്ലാതായി. ഇത് ഇന്നും ചില ആശ്രമങ്ങളില്‍ മാത്രം ജീവിക്കുന്നു, എന്നാല്‍ മിക്ക ആളുകള്‍ക്കും ഇത് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്ന് പോലും അറിയില്ല. കാരണം, മതമെന്ന ആശയം ആരുടെയും മനസ്സില്‍ വരുന്നതിന് മുന്‍പ് തന്നെ, ഒരു മനുഷ്യന് തന്റെ ഇപ്പോഴുള്ള അവസ്ഥയ്‌ക്ക് അപ്പുറത്തേക്ക് വളരാന്‍ കഴിയുമെന്ന ആശയം അദിയോഗി മുന്നോട്ടുവെച്ചു; അതിനെ യാഥാര്‍ത്ഥ്യമാക്കാനുള്ള ഉപകരണങ്ങളും അദ്ദേഹം നല്‍കി. മനുഷ്യന്റെ മനസ്സിലേക്ക് കടന്നുവന്ന ഏറ്റവും വിലപ്പെട്ട ആശയമാണിത്: ഇപ്പോഴുള്ള പരിമിതികള്‍ക്കപ്പുറത്തേക്ക് വളരാനും, അനുഭവത്തിന്റെയും അസ്തിത്വത്തിന്റെയും തികച്ചും വേറിട്ടൊരു മാനത്തിലേക്ക് പ്രവേശിക്കാനും ഒരു മനുഷ്യന് കഴിയുമെന്ന ആശയം.

Recent Posts