ന്യൂദല്‍ഹി: പാര്‍ലമെന്റിലെ ബഹളം അവസാനിപ്പിച്ച് പബ്ലിക് എക്സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ഭേദഗതി ബില്‍ ചര്‍ച്ചചെയ്യാന്‍ സന്നദ്ധത അറിയിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍. വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുമായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഇന്ന് ബില്ലില്‍ വിശദമായ ചര്‍ച്ച നടത്താന്‍ ഭരണപക്ഷവും പ്രതിപക്ഷവും ധാരണയിലെത്തിയെന്നാണ് വിവരം.
ബില്ലിന്മേല്‍ ചര്‍ച്ചയ്‌ക്കായി സ്പീക്കര്‍ ഇന്നലെ ആറ് മണിക്കൂര്‍ സമയം അനുവദിച്ചിട്ടും പ്രതിപക്ഷം തയാറായിരുന്നില്ല. പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, ക്രമക്കേടുകള്‍, സംഘടിത പരീക്ഷാ മാഫിയകള്‍ എന്നിവ തടയാന്‍ കടുത്തശിക്ഷ ഉറപ്പാക്കുന്ന ഭേദഗതികളാണ് ബില്ലിലുള്ളത്. ഇതിനെ എതിര്‍ത്തതോടെ യുവാക്കളോടുള്ള പ്രതിപക്ഷ സമീപനം ചര്‍ച്ചയായിരുന്നു. ഇന്നലെ പാര്‍ലമെന്റ് സമ്മേളിച്ച ഉടനെ പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു. സ്പീക്കര്‍ ഓം ബിര്‍ള നിരവധി തവണ ആവശ്യപ്പെട്ടിട്ടും ചോദ്യോത്തരമടക്കം തടസപ്പെടുത്തി.
സഭ നിര്‍ത്തിവച്ച ശേഷം 12 മണിക്ക് വീണ്ടും ചേര്‍ന്നപ്പോള്‍ ബഹളത്തിനിടക്കും പബ്ലിക് എക്സാമിനേഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) അമെന്‍ഡ്മെന്റ് ബില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അവതരിപ്പിച്ചു. ബില്ലിനെ എതിര്‍ക്കാന്‍ നോട്ടീസ് നല്കിയിരുന്ന പ്രതിപക്ഷ അംഗങ്ങളെ സ്പീക്കര്‍ വിളിച്ചെങ്കിലും ആരും സംസാരിക്കാന്‍ തയാറായില്ല. ചര്‍ച്ചയില്‍ പങ്കാളികളാകണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബഹളം തുടര്‍ന്നതോടെ ഉച്ചയ്‌ക്ക് രണ്ട് മണി വരെ സഭ വീണ്ടും നിര്‍ത്തിവച്ചു.
ഉച്ചയ്‌ക്ക് രണ്ടിന് വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ചര്‍ച്ചയ്‌ക്കായി ഭരണപക്ഷത്തിനുംപ്രതിപക്ഷത്തിനും മൂന്നുമണിക്കൂര്‍ വീതം നീക്കിവച്ചിട്ടുണ്ടെന്നും വേണമെങ്കില്‍ കൂടുതല്‍ സമയം അനുവദിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. ഇതോടെ പ്രതിപക്ഷം വെട്ടിലായി. വിദ്യാര്‍ത്ഥികള്‍ക്ക് നേരേയുണ്ടായ പോലീസ് അതിക്രമത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന പുതിയ ആവശ്യം ഉന്നയിച്ചായി പ്രതിപക്ഷ ബഹളം. അഞ്ച് മണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം ബഹളവുമായി നിലയുറപ്പിച്ചു. ബഹളം രൂക്ഷമായതോടെ ഇന്ന് രാവിലെ 11ന് ചേരുമെന്ന് അറിയിച്ച് സഭ പിരിയികുകയായിരുന്നു.
















