തിരുവനന്തപുരം:പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി.പൊലീസ് അസോസിയേഷനുകള്‍ പുനഃക്രമീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കി.ഇനി രണ്ട് സംഘടനകള്‍ മാത്രമായിരിക്കും ഉണ്ടാകുക.
പൊലീസ് അസോസിയേഷനും, കേരള സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷനും മാത്രമായിരിക്കും ഇനി മുതല്‍ ഉണ്ടായിരിക്കുക.ഇതോടെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇനിയില്ല.
സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഗ്രേഡ് എസ്.ഐ വരെ പൊലീസ് അസോസിയേഷനില്‍ ഉണ്ടായിരിക്കും. എസ്.ഐ. മുതല്‍ ഐ.പി.എസ് ഇതര എസ്.പി വരെ പൊലീസ് സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷനില്‍ ഉള്‍പ്പെടും.
കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ (KPOA) നിലവിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് കേരള പൊലീസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്ന് അറിയപ്പെടും. സംഘടനകളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയരുന്ന ഭരണപരമായതോ നടപടിക്രമപരമായതോ ആയ എല്ലാ വിഷയങ്ങളിലും അന്തിമ തീരുമാനമെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന പൊലീസ് മേധാവിയില്‍ നിക്ഷിപ്തമായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
















