India

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

മധ്യപ്രദേശിലെ ശിവ്പുരിയിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല മിസൈൽ നിർമ്മാണ ശാല നിർമ്മിക്കുന്നതിനായി 2,500 കോടി രൂപയുടെ നിക്ഷേപവുമായി അദാനി ഡിഫൻസ് ആൻഡ് ഏറോസ്പേസ് (Adani Defence & Aerospace).

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഭോപാല്‍: മധ്യപ്രദേശിലെ ശിവ്പുരിയിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല മിസൈൽ നിർമ്മാണ ശാല നിർമ്മിക്കുന്നതിനായി 2,500 കോടി രൂപയുടെ നിക്ഷേപവുമായി അദാനി ഡിഫൻസ് ആൻഡ് ഏറോസ്പേസ് (Adani Defence & Aerospace). 5000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭമാണിത്.

ഇത് മിസൈലിനുള്ള ഒരു ബാക് വേഡ് ഇന്‍റഗ്രേറ്റഡ് യൂണിറ്റ് ആണ്. അതിനര്‍ത്ഥം, ഇവിടെ ഒരു മിസൈലിനാവശ്യമായ എല്ലാ ഘടകങ്ങളും നിര്‍മ്മിയ്‌ക്കും. എന്ന് മാത്രമല്ല, അതെല്ലാം കൂട്ടിയിണക്കുകയും ചെയ്യും. അതിനൊപ്പം മിസൈലിന്റെ കുതിപ്പിന് ആവശ്യമായ പ്രൊപ്പല്ലന്‍റുകളും മിസൈലിന് സ്ഫോടകശേഷി നല‍്കുന്ന ടിഎന്‍ടി പോലുള്ള സ്ഫോടക വസ്തുക്കളും ഇവിടെ നിര്‍മ്മിയ്‌ക്കും. അതായത് മിസൈലിന് ആവശ്യമായ രാസവസ്തുക്കള്‍ തയ്യാറാക്കലും അതിനെ മെക്കാനിക്കല്‍, ഇലക്ട്രോണിക് ഗൈഡന്‍സ് സംവിധാനവുമായി കൂട്ടിയിണക്കുകയും കൂടി ചെയ്യും. വളരെ അപകടകരമായ സ്ഫോടകവസ്തുക്കള്‍ ദീര്‍ഘദൂരം കൈമാറി പ്ലാന്‍റില്‍ എത്തിക്കുന്നതിന് പകരം ഇവിടെ തന്നെ ഉല്‍പാദിപ്പിക്കുകയാണ് ചെയ്യുക.

ശത്രുവിന്റെ റഡാര്‍ സംവിധാനങ്ങളേയും വാര്‍ത്താവിനിമയ സംവിധാനങ്ങളേയും തകര്‍ക്കുന്ന മിസൈലുകള്‍ നിര്‍മ്മിക്കും

ഇവിടെ നിര്‍മ്മിക്കുക പ്രധാനമായും അടുത്ത തലമുറ ആന്‍റി റേഡിയേഷന്‍ മിസൈലുകളാണ്. നെക്സ്റ്റ് ജെനറേഷന്‍ ആന്‍റി റേഡിയേഷന്‍ മിസൈലുകള്‍ അഥവാ എന്‍ജിഎആര്‍എം എന്നാണ് ഇവയെ വിളിക്കുക. റേഡിയോ ഫ്രീക്വന്‍സികള്‍ പുറപ്പെടുവിക്കുന്ന ശത്രുവിന്റെ റഡാര്‍ സംവിധാനങ്ങളേയും വാര്‍ത്താവിനിമയ സംവിധാനങ്ങളേയും തകര്‍ക്കുന്ന മിസൈലുകളാണ് പ്രധാനമായും ഇവിടെ നിര്‍മ്മിയ്‌ക്കുക. ഇക്കൂട്ടത്തില്‍പ്പെടുന്ന മിസൈലുകള്‍ ആയ രുദ്രം 1, രുദ്രം 2 എന്നിവ ഇവിടെ നിര്‍മ്മിയ്‌ക്കും.

ശത്രുവിന്റെ മുങ്ങിക്കപ്പലുകളെ വരെ ട്രാക്ക് ചെയ്ത് തകര്‍ക്കുന്ന ആന്‍റിഷിപ്പ് മിസൈലുകളും

ഹ്രസ്വദൂര നേവല്‍ ആന്‍റി ഷിപ് മിസൈലും ( നേവല്‍ ആന്‍റി ഷിപ് ഷോര്‍ട്ട് റേഞ്ച് മിസൈല്‍ അഥവ എന്‍എഎസ് എസ് ആര്‍) നിര്‍മ്മിയ്‌ക്കും. ശത്രുവിന്റെ യുദ്ധക്കപ്പലുകള്‍ തകര്‍ക്കാന്‍ കപ്പലുകളില്‍ നിന്നും മുങ്ങിക്കപ്പലുകളില്‍ നിന്നും വിമാനങ്ങളില്‍ നിന്നും തൊടുക്കാവുന്ന മിസൈല്‍ ആണിത്. ശത്രുവിന്റെ മിസൈലുകളെ കണ്ടെത്തി അവയെ കുതിച്ച് ചെന്ന് തകര്‍ക്കുന്ന മിസൈലുകളാണിത്. ഇവയില്‍ ശത്രുവിന്റെ കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന മുങ്ങിക്കപ്പലുകളെ കണ്ടെത്താനുള്ള ശക്തി കൂടിയ സെന്‍സറുകള്‍ ഉണ്ടാകും. സെന്‍സറുകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഈ മിസൈലുകള്‍ നേരെ ലക്ഷ്യസ്ഥാനത്തേക്ക് പറന്ന് ചെന്ന് അതിനെ തകര്‍ക്കും.

മിസൈല്‍ നിര്‍മ്മാണത്തിന് ഒരു ശതമാനം പോലും ബാഹ്യ ശക്തികളേയോ വിദേശ രാജ്യങ്ങളേയോ ആശ്രയിക്കേണ്ടതില്ല എന്നതാണ് ഈ പ്ലാന്‍റിന്റെ പ്രത്യേകത. മധ്യദൂര മിസൈലുകള്‍ മാത്രമല്ല, ദീര്‍ഘദൂര മിസൈലുകളും ഇവിടെ നിര്‍മ്മിയ്‌ക്കും. ഘടകപദാര്‍ത്ഥകള്‍ നിര്‍മ്മിച്ച ശേഷം ഇവിടെ തന്നെ അവയെ കൂട്ടിയിണക്കി മിസൈല്‍ നിര്‍മ്മിക്കുകയും ചെയ്യും. ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ മേഖലയ്‌ക്ക് നിര്‍ണ്ണായകമായ പിന്തുണ നല്‍കാന്‍ അദാനി ഡിഫന്‍സിന് സാധിക്കും.

Recent Posts