പാനിപ്പത്ത്(ഹരിയാന): ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരമാണെന്ന് വിലയിരുത്തി രാഷ്‌ട്രസേവികാ സമിതി പ്രമേയം. രാജ്യത്തൊട്ടാകെ എല്ലാവര്‍ക്കും ബാധകമാകുംവിധം ഏകീകൃത ജനസംഖ്യാ നയത്തിന് രൂപം നല്കണമെന്ന് സമിതി അഖില ഭാരതീയ പ്രതിനിധി സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ കാരണങ്ങളും അനന്തരഫലങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഏകീകൃത ദേശീയ ജനസംഖ്യാ നയത്തോടൊപ്പം ഏകീകൃത സിവില്‍ കോഡും നടപ്പിലാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

സമാല്‍ഖയില്‍ സമാപിച്ച പ്രതിനിധി സഭയില്‍ പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി, പ്രമുഖ് കാര്യവാഹിക സീത ഗായത്രി എന്നിവര്‍ മാര്‍ഗദര്‍ശനം നല്കി. നാല്പത് പ്രാന്തങ്ങളില്‍ നിന്ന് 488 പ്രതിനിധികള്‍ പങ്കെടുത്തു.

2026 ഫെബ്രുവരി മുതല്‍ സമിതി രാജ്യത്തൊട്ടാകെ നടത്തിയ വിവിധ പരിപാടികള്‍ യോഗം വിലയിരുത്തി. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ സംഘടനാ വികാസത്തില്‍ വര്‍ധനവുണ്ടായതായി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍, 852 ജില്ലകളിലായി 4886 നിത്യ ശാഖകളും ആഴ്ചയിലൊരിക്കല്‍ ചേരുന്ന 1173 മിലനുകളുമാണുള്ളത്.
ഹരിയാനയിലെ കുരുക്ഷേത്ര ഭൂമി നല്കുന്ന സന്ദേശം ആഭ്യന്തര സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഉറച്ച മനസ്സോടെ സാമൂഹികക്ഷേമത്തിനായി തീരുമാനം എടുക്കുന്നതിനും വേണ്ടിയുള്ളതാണെന്ന സമാപനപരിപാടിയില്‍ വി, ശാന്തകുമാരി പറഞ്ഞു.
പ്രതിനിധി മണ്ഡല്‍ അംഗീകരിച്ച പ്രമേയം
‘ഏതൊരു രാജ്യത്തിന്റെയും ഭാവി നിര്‍ണയിക്കുന്നത് അതിന്റെ ജനസംഖ്യയാണ്. അതിനാല്‍, ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അങ്ങേയറ്റം ഗൗരവമേറിയ ഒരു വിഷയമാണ്. നിരവധി പതിറ്റാണ്ടുകളായി ഭാരതത്തില്‍ ജനസംഖ്യാ നിയന്ത്രണത്തിനായി സ്വീകരിച്ച വിവിധ നടപടികള്‍ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറച്ചിട്ടുണ്ട്. എന്നാല്‍ ജനസംഖ്യ എന്നത് സ്ഥിതിവിവരക്കണക്കുകളുടെ മാത്രം കാര്യമല്ല; അത് ഒരു സമൂഹത്തിന്റെ തനിമയാണ്. ഭാരതത്തില്‍ വര്‍ധിച്ചുവരുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥ ഈ തനിമയെ ഇല്ലാതാക്കുകയും രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. സര്‍വ്വ പന്ഥ സമാദരണം (എല്ലാ വിശ്വാസങ്ങളോടും തുല്യ ബഹുമാനം), വസുധൈവ കുടുംബകം, ഹിന്ദു ലോകവീക്ഷണത്തിന്റെ വെളിച്ചത്തില്‍ വികസിച്ച മറ്റ് സാംസ്‌കാരിക മൂല്യങ്ങള്‍ എന്നിവയുടെ ഉദാത്തമായ ആദര്‍ശങ്ങളിലാണ് ഭാരതത്തിന്റെ തനിമ വേരൂന്നിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ കണക്കനുസരിച്ച്, ഹിന്ദു ജനസംഖ്യ 1951ലെ 84.68 ശതമാനത്തില്‍ നിന്ന് 2015ല്‍ 78.06 ശതമാനമായി കുറഞ്ഞു, അതേസമയം മുസ്ലീം ജനസംഖ്യ 1951ല്‍ 9.84 ശതമാനമായിരുന്നത് 2015ല്‍ 14.09 ശതമാനമായി വര്‍ദ്ധിച്ചു. മറ്റ് വിഭാഗങ്ങളിലെ വര്‍ധനവ് താരതമ്യേന നാമമാത്രമാണ്. വിവിധ സമുദായങ്ങള്‍ക്കിടയിലെ ജനസംഖ്യാ അനുപാതങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, രാജ്യത്തിന്റെ ജനസംഖ്യാ നയം പുനഃപരിശോധിക്കേണ്ടത് ആവശ്യമാണ്. ഹിന്ദു ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളുടെ അവസ്ഥ ഭാവിയിലുണ്ടായേക്കാവുന്ന വെല്ലുവിളികളുടെ വ്യക്തമായ സൂചനകളാണ് നല്‍കുന്നത്. കശ്മീര്‍ താഴ്വരയിലാകെയും ബംഗാളിന്റെ ചില ഭാഗങ്ങളിലും ബിഹാറിലും കേരളത്തിലെ ചില ജില്ലകളിലും ആസാമിലെ മുസ്ലീം ഭൂരിപക്ഷ ജില്ലകളിലും സാമുദായിക ഐക്യം ഇതിനകം തന്നെ തകര്‍ന്നിട്ടുണ്ട്. അത്തരം ജനസംഖ്യാ അസന്തുലിതാവസ്ഥ മുമ്പ് ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഭീഷണിയായിരുന്നു എന്ന് മാത്രമല്ല, 1947ല്‍ രാജ്യവിഭജനത്തിലാണത് കലാശിച്ചത്.
ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പ്രാദേശിക സംസ്‌കാരം, പാരമ്പര്യങ്ങള്‍, ഭാഷ, സാമൂഹിക ഐക്യം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. ഭാരതത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് റോഹിംഗ്യകളും ബംഗ്ലാദേശികളും നടത്തുന്ന നുഴഞ്ഞുകയറ്റവും ഒരു പ്രധാന ഘടകമാണ്. ഇത് തദ്ദേശീയ പൗരന്മാരുടെ തൊഴിലവസരങ്ങളെയും ഭൂമിയെയും പ്രകൃതിവിഭവങ്ങളെയും ബാധിച്ചിട്ടുണ്ട്. ജനസംഖ്യാ അസന്തുലിതാവസ്ഥ ആഭ്യന്തര സുരക്ഷയ്‌ക്കും ദേശീയ പരമാധികാരത്തിനും ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുന്നു. അതേസമയം, സംഖ്യാബലം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സംഘടിത ശ്രമങ്ങള്‍ സാഹചര്യം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. മതപരിവര്‍ത്തനങ്ങളും ലവ് ജിഹാദും ജനസംഖ്യാ അനുപാതത്തിലെ മാറ്റത്തിന് കാരണമാകുന്ന ഘടകങ്ങളാണ്.
ഇത് സെന്‍സിറ്റീവായ പ്രശ്‌നമാണ് അതുകൊണ്ടുതന്നെ സമൂഹം മൊത്തത്തില്‍ ഇതേപ്പറ്റി ഗൗരവമായി ചിന്തിക്കണം. ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്, ഹിന്ദുസമൂഹം സ്വന്തം ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധമുള്ളവരായിരിക്കണം. ഇന്ന്, സാമ്പത്തിക പുരോഗതി മാത്രം ലക്ഷ്യമിടുന്ന, ഉന്നത വിദ്യാഭ്യാസമുള്ള നിരവധി ഹിന്ദു യുവാക്കള്‍ കുടുംബജീവിതത്തോട് നിസ്സംഗത കാണിക്കുന്നു. വിവാഹങ്ങള്‍ വൈകുന്നതും കുട്ടികളെ വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതും കുട്ടികളുണ്ടാകാതിരിക്കുന്നതും ഒരു കുട്ടിയില്‍ മാത്രം ഒതുങ്ങുന്നതുമെല്ലാം ജനസംഖ്യാ വളര്‍ച്ച കുറയുന്നതിന് കാരണമായി.
സമൂഹത്തിലെ ചില വിഭാഗങ്ങള്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കനുസൃതമായി പ്രസവം ബോധപൂര്‍വ്വം പരിമിതപ്പെടുത്തുമ്പോള്‍, മറ്റ് വിഭാഗങ്ങള്‍ ഒന്നിലധികം വിവാഹങ്ങള്‍, വലിയ കുടുംബങ്ങള്‍ തുടങ്ങിയ രീതികളിലൂടെ അവരുടെ എണ്ണം കൂട്ടുകയാണ്. ഇതും ജനസംഖ്യാ അസന്തുലിതാവസ്ഥയ്‌ക്ക് കാരണമാണ്. മതപരിവര്‍ത്തനം ലക്ഷ്യമിട്ട് ജാതി വിഭജനം സൃഷ്ടിക്കല്‍, സ്വയം ഹിന്ദുവെന്ന് സമ്മതിക്കാതിരിക്കല്‍, വ്യക്തിപരമായ പുരോഗതിക്ക് തടസമെന്ന് കരുതി മാതൃത്വം നിഷേധിക്കുന്ന യുവതികള്‍, ഡിഐഎന്‍കെ (ഡബിള്‍ ഇന്‍കം, നോ കിഡ്‌സ്) യുടെ വര്‍ദ്ധിച്ചുവരുന്ന പ്രവണത എന്നിവയും ജനസംഖ്യാ അസന്തുലിതാവസ്ഥയുടെ കാരണങ്ങളില്‍ ഒന്നാണ്.
ഇന്ന്, ഭാരതം ഒരു യുവ രാഷ്‌ട്രമാണ്. അടുത്ത അമ്പത് വര്‍ഷത്തിനുള്ളില്‍, ഇതേ ജനസംഖ്യ ക്രമേണ പ്രായമാകും. ജനനസംഖ്യ കുറയുകയാണെങ്കില്‍ രാജ്യത്തെ യുവാക്കളുടെ എണ്ണവും ഗണ്യമായി കുറയും. ഇന്നത്തെ തലമുറ വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ അവരെ പിന്തുണയ്‌ക്കാന്‍ യുവാക്കളില്ലാതാകുന്ന അവസ്ഥ സമൂഹത്തെ ദുര്‍ബലപ്പെടുത്തും.
വര്‍ധിച്ചുവരുന്ന മതപരിവര്‍ത്തനങ്ങള്‍, ലവ് ജിഹാദ്, നുഴഞ്ഞുകയറ്റം എന്നിവ തടയുന്നതിന് ആവശ്യമായ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് രാഷ്‌ട്ര സേവിക സമിതി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനും നുഴഞ്ഞുകയറ്റം തടയുന്നതിനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. വിദേശ പൗരന്മാരുടെ കടന്നുകയറ്റം പൂര്‍ണമായും തടയണം. അത്തരത്തില്‍ കടന്നുകയറുന്നവരെ തിരിച്ചറിഞ്ഞ് നാടുകടത്തുക എന്നത് ഓരോ സര്‍ക്കാരിന്റെയും ഭരണഘടനാപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തമാണ്.
വടക്കുകിഴക്കന്‍ മേഖലയിലെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റം മൂലം, 2047 ആകുമ്പോഴേക്കും തദ്ദേശീയ ജനത ന്യൂനപക്ഷമായി മാറിയേക്കാമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി നിയമിച്ച ഹസാരിക കമ്മീഷന്‍ വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്കെതിരായ ജിഹാദി ഘടകങ്ങളുടെ ആക്രമണാത്മക നയങ്ങള്‍ ഈ പ്രദേശങ്ങളിലെ ജനസംഖ്യാ അസന്തുലിതാവസ്ഥ അതിവേഗം വഷളാക്കുകയാണ്.
ഈ വെല്ലുവിളിയെ നേരിടാനും വരാനിരിക്കുന്ന ജനസംഖ്യാ പ്രതിസന്ധിയെക്കുറിച്ച് ഭാവി തലമുറയെ ബോധവാന്മാരാക്കാനും സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. സമയബന്ധിതമായ വിവാഹങ്ങള്‍, ഉത്തരവാദിത്തമുള്ള രക്ഷാകര്‍തൃത്വം, സാമൂഹികമായ കടമകള്‍ നിറവേറ്റല്‍ എന്നിവ പ്രോത്സാഹിപ്പിക്കണം. ജാതി അല്ലെങ്കില്‍ സമുദായാധിഷ്ഠിത രാഷ്‌ട്രീയത്തിന് പകരം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, സാമ്പത്തിക വികസനം എന്നിവയിലൂടെ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന് ഊന്നല്‍ നല്കണം. സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ജനസംഖ്യാ അസന്തുലിതാവസ്ഥയ്‌ക്ക് കാരണമാകുന്ന എല്ലാ ഘടകങ്ങളും തിരിച്ചറിഞ്ഞ്, ഈ ഗുരുതരമായ പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിന് നിയമപരവും സൃഷ്ടിപരവുമായ ശ്രമങ്ങള്‍ നടത്തണം.
രാജ്യത്തുടനീളം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമായ ഒരു ഏകീകൃത ദേശീയ ജനസംഖ്യാ നയം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും രാഷ്‌ട്രസേവികാ സമിതി അഭ്യര്‍ത്ഥിക്കുന്നു. രാജ്യമെമ്പാടും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നത് ജനസംഖ്യാ അസന്തുലിതാവസ്ഥയില്‍ നിന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഭാരതത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കാനും സഹായിക്കുമെന്ന് സമിതി വിശ്വസിക്കുന്നു.
















