ബെംഗളൂരു: നിയമസഭയ്‌ക്കുള്ളിൽ എംഎൽഎമാരുടെ വ്യക്തിജീവിതത്തെക്കുറിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ പരാമർശം വലിയ രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തി. സംസ്ഥാനത്തെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷമായ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പേരുകൾ പരസ്യപ്പെടുത്താൻ മുഖ്യമന്ത്രി തയാറാകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
വ്യാഴാഴ്ച നിയമസഭയിൽ വരൾച്ചാ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കവെയായിരുന്നു വിവാദ പരാമർശം. അതിവേഗ നഗരവൽക്കരണം മൂലം ബെംഗളൂരുവിൽ ഉണ്ടാകുന്ന ജനസംഖ്യാ വർധനവിനെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടെയായിരുന്നു ഡി.കെ. ശിവകുമാറിന്റെ പരാമർശം കടന്നുവന്നത്.
“കെംപെഗൗഡയാണ് ബെംഗളൂരു നിർമിച്ചത്. കെങ്കൽ ഹനുമന്തയ്യ വിധാൻ സൗധ പണിതു. എസ്.എം. കൃഷ്ണ ബെംഗളൂരുവിനെ രാജ്യാന്തര നഗരമാക്കി മാറ്റി. ഈ നഗരത്തിലേക്ക് വരുന്ന ആരും പിന്നീട് ഇവിടം വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല. ഇവിടെയെത്തുന്ന നിങ്ങളും (എംഎൽഎമാർ) മടങ്ങിപ്പോകാറില്ല. നഗരത്തിലുള്ള പലരും രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഡസനോളം ആളുകൾ ഇവിടെയുണ്ട്. വേണമെങ്കിൽ അവരുടെ പട്ടിക തരാൻ എനിക്ക് സാധിക്കും,” എന്നായിരുന്നു ഡി.കെ. ശിവകുമാറിന്റെ വാക്കുകൾ.
ധാർവാഡ്, ദക്ഷിണ കന്നഡ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള നിയമസഭാംഗങ്ങളുടെ പേരുകൾ തനിക്കറിയാമെന്നും എന്നാൽ തൽക്കാലം ആ വഴിക്ക് കടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെംഗളൂരുവിലെത്തുന്ന വക്കീലന്മാർ ഉൾപ്പെടെയുള്ളവർ നാട്ടിലേക്ക് മടങ്ങാറില്ലെന്നും ഇതാണ് നഗര ജനസംഖ്യ 33 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഉയരാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















