
നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
ധര്‍മത്തിന്റെ ആധാരത്തില്‍ അര്‍ത്ഥകാമങ്ങള്‍ നേടി മോക്ഷത്തിലേക്കുള്ള യാത്രയാണ് ജീവിതം. പ്രപഞ്ചം നിലനില്‍ക്കുന്നത് ധര്‍മത്തിന്റെ ആധാരത്തിലാണ്.
ശ്രീവേദവ്യാസന്‍ പറയുന്നു, ”ഞാന്‍ കൈകളുയര്‍ത്തി ഉറക്കെ വിളിച്ചുപറയുന്നു, എന്നിട്ടും ആരും എന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ല. ധര്‍മത്തില്‍ നിന്നാണ് അര്‍ത്ഥകാമങ്ങള്‍ ലഭിക്കുന്നത്. അങ്ങനെയെങ്കില്‍ആ ധര്‍മത്തെ എന്തുകൊണ്ട് നിങ്ങള്‍ സേവിക്കുന്നില്ല?”
ധര്‍മം പാലിക്കുക ദുഷ്‌കരമാണ്. ക്ലേശകരമായധര്‍മാനുഷ്ഠാനങ്ങളുടെ എക്കാലത്തെയും ഉത്തമമാതൃകയാണ് ശ്രീരാമന്‍- ”രാമോ വിഗ്രഹവാന്‍ ധര്‍മ.” സനാതന ധര്‍മത്തിന്റെ പുരുഷാകാരമാണ് രാമന്‍. ധര്‍മം മനസിലാക്കാന്‍ അതനുഷ്ഠിച്ചവരെ പിന്‍പറ്റണം. ആയിരത്താണ്ടുകളായി കോടാനുകോടി ആളുകള്‍ ധര്‍മത്തെ മനസിലാക്കിയത് രാമനിലൂടെയാണ്. വ്യക്തി, കുടുംബം, സമാജം, രാഷ്‌ട്രം, പ്രപഞ്ചംഎന്നിവയുടെ ധര്‍മബോധം ഭാരതം കണ്ടതുംകേട്ടതും വായിച്ചതും പഠിച്ചതും അനുഷ്ഠിച്ചതും രാമനില്‍ നിന്നാണ്. രാമന്റെ തന്നെയാണ് പരമമായ ഭരണ മാതൃകയും. മഹാത്മാഗാന്ധിയുടെ ഉത്തമമായരാജ്യസങ്കല്‍പ്പം ‘രാമരാജ്യം’ ആയിരുന്നു.
ഭാരതീയര്‍ രാമനെ കഥകളിലൂടെ, കാവ്യങ്ങളിലൂടെ, കലകളിലൂടെ, നൃത്ത-നാട്യ-ശില്‍പ്പങ്ങളിലൂടെതലമുറകളായി ചേര്‍ത്തുപിടിച്ചതിനാലാണ് രാഷ്‌ട്രത്തിന്റെ ദിശാബോധം അനുസ്യൂതം തുടരുന്നത്.
രാമന്റെ വഴിയാണ് വ്യക്തിയുടെയും സമഷ്ടിയുടെയും മോചനമാര്‍ഗം. ആത്മമിത്രങ്ങള്‍ക്കു മാത്രമല്ല, ധര്‍മവിരുദ്ധ ശക്തികള്‍ക്കും ഇത് ബോദ്ധ്യമുണ്ട്. ധാര്‍മിക മൂല്യങ്ങള്‍ തകര്‍ന്നുകാണണമെന്നും രാഷ്‌ട്രം ശിഥിലമാകണമെന്നും ആഗ്രഹിക്കുന്നവര്‍ രാമായണം കത്തിച്ചതിന്റെ കാരണവും മറ്റൊന്നല്ല. സനാതനധര്‍മം ഡെങ്കുവാണ്, മഹാമാരിയാണ് എന്ന് അവര്‍ പ്രചരിപ്പിച്ചു. ഇങ്ങനെയൊക്കെ ചെയ്താല്‍ രാമനെ തകര്‍ക്കാമെന്നവര്‍ വ്യാമോഹിച്ചു.
ആക്രമണകാരിയായ ബാബറിന് രാമവിഗ്രഹവും ക്ഷേത്രവും മാത്രമേ തകര്‍ക്കാനായുള്ളൂ. ഒരു വിഗ്രഹത്തിനു പകരം അയോദ്ധ്യയിലെ ഓരോ ഭവനത്തിലും ഭക്തരുടെ ഹൃദയകമലത്തിലും രാമന്‍ സൂര്യതേജസ്സോടെ വിളങ്ങി. അഞ്ഞൂറിലേറെ കൊല്ലം അടരാടിയ അവര്‍ ആയിരക്കണക്കിനാളുകളുടെ ആത്മത്യാഗംകൊണ്ട് മനസ്സിലും ആലയങ്ങളിലും രാമനെ പുനഃപ്രതിഷ്ഠിച്ചു. ഭവ്യമായ രാമക്ഷേത്രം അയോദ്ധ്യയില്‍ ഉയരുന്നതുവരെ അവര്‍ വിശ്രമിച്ചില്ല.
രാമന്റെ ധര്‍മം തലമുറകളായി ജനങ്ങള്‍ക്ക് പകര്‍ന്നുകിട്ടിയതില്‍ ഭാരതമാകെ പാരായണം ചെയ്തുവരുന്ന രാമായണങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്. വാല്മീകി രാമായണം, തുളസിരാമായണം, കമ്പരാമായണം, എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത രാമായണങ്ങളിലൂടെഅനുദിനം ആ സംസ്‌കാരം അണമുറിയാതെ പ്രവഹിച്ചുകൊണ്ടേയിരുന്നു. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ഭാഷകളും രാമായണകഥകൊണ്ട് സമ്പന്നമാണ്. രാമായണം വെറുമൊരു കഥയല്ല, ജീവിതത്തിന്റെ എല്ലാ സമസ്യകളിലും ധര്‍മം എങ്ങനെ ഉയര്‍ത്തിപ്പിടിക്കാമെന്ന് പഠിപ്പിക്കുന്ന ചൈതന്യവത്തായഗ്രന്ഥമാണ്.
വൈദേശിക ആക്രമണങ്ങളും ഇസ്ലാമിക അധിനിവേശവും ടിപ്പുവിന്റെ പടയോട്ടങ്ങളും മലബാറിലെ മാപ്പിളകലാപങ്ങളും രാമന്‍ പകര്‍ന്നുതന്ന ധര്‍മപ്രവാഹത്തെ തടയാന്‍ ശ്രമിച്ചു. സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് പ്രത്യശാസ്ത്രങ്ങളുടെ തള്ളിക്കയറ്റവും സാംസ്‌കാരിക അദ്ധ്യാത്മിക രംഗത്തെ പിറകോട്ടടിച്ചു.
ഈ ദുരവസ്ഥയില്‍ നിന്ന് ഹൈന്ദവ സമാജത്തെമോചിപ്പിച്ചതിലും രാമനും രാമായണത്തിനും വലിയ പങ്കുണ്ട്. കേരളത്തില്‍ വ്യാപകമായി കര്‍ക്കിടക മാസത്തില്‍ തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം പാരായണം ചെയ്തിരുന്നു. മലയാളത്തിലെ മഹാകവികളും കഥാകാരന്മാരും അദ്ധ്യാത്മ രാമായണത്തിലൂടെയാണ് ഭാഷയുടെ സൗന്ദര്യവും ചിന്തയുടെ കരുത്തും സ്വായത്തമാക്കിയത്.
ജാതിവ്യത്യാസങ്ങള്‍ക്കുപരി ”ഹിന്ദുക്കള്‍ നാം ഒന്നാണ്” എന്ന പ്രഖ്യാപനവുമായി 1982 ഏപ്രില്‍ 4, 5 തീയതികളില്‍ എറണാകുളത്ത് വിശാലഹിന്ദു സമ്മേളനം നടന്നു. സംസ്ഥാനത്തെ സാമൂഹിക, സാംസ്‌കാരിക, ആത്മീയ ചരിത്രത്തിലെ നിര്‍ണായകമായവഴിത്തിരിവായിരുന്നു ആ സമ്മേളനം.
ആര്‍എസ്എസ് പ്രാന്തപ്രചാരകന്‍ മാനനീയ കെ. ഭാസ്‌കര്‍റാവു, പി. മാധവന്‍ (മാധവജി), പി. പരമേശ്വരന്‍ (പരമേശ്വര്‍ജി), ആര്‍. ഹരി (ഹരിയേട്ടന്‍) എന്നിവരുടെ സംഘാടക മികവില്‍ അരങ്ങേറിയ ആ സമ്മേളനത്തില്‍ സര്‍വശ്രീ സ്വാമി ചിന്മയാനന്ദന്‍, ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീര്‍ത്ഥ, ഡോ. കരണ്‍സിംഗ്, ആര്‍എസ്എസ് സര്‍കാര്യവാഹ് പ്രൊഫ. രാജേന്ദ്രസിങ്(രജുഭയ്യ)തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
പ്രധാന സമ്മേളനം എറണാകുളം മഹാരാജാസ്‌കോളജ് മൈതാനത്തായിരുന്നു. കൊച്ചി നഗരത്തെ കാവിക്കടലാക്കി ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേര്‍പങ്കെടുത്ത വന്‍ ശോഭയാത്രയും മഹാസമ്മേളനവും നടന്നു. പ്രതിനിധി സമ്മേളനം എറണാകുളം ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു. കര്‍ക്കിടകമാസം ‘രാമായണമാസമായി’ ആചരിക്കണമെന്ന ചരിത്ര പ്രധാനമായ പ്രമേയം പി. പരമേശ്വരന്‍ അവതരിപ്പിക്കുകയുംഐകകണ്‌ഠ്യേന പാസാക്കുകയും ചെയ്തു. 1982 ജൂലൈ-ഓഗസ്റ്റ് മാസത്തിലെ കര്‍ക്കിടകം ഒന്ന് മുതല്‍കേരളീയര്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഇന്നത്തെ നിലയിലുള്ള ‘രാമായണമാസാചരണ’ത്തിന്റെ ആരംഭം ആ തീരുമാനത്തില്‍ നിന്നായിരുന്നു.
സടകുടഞ്ഞെഴുന്നേറ്റ ഹിന്ദുനവോത്ഥാനത്തിന്റെവിരാട് രൂപം പ്രകടമാക്കുന്നതായിരുന്നു ആ സമ്മേളനം.
സമസ്ത ഭാരതത്തെയും കോര്‍ത്തിണക്കുന്ന ആദ്ധ്യാത്മിക ഏകതയെക്കുറിച്ച് ഡോ.കരണ്‍സിംഗ് പ്രഭാഷണത്തില്‍ പറഞ്ഞ ഒറ്റവാചകം ആലോചനാമൃതമായിരുന്നു, ”കശ്മീരിലെ കുങ്കുമവും കേരളത്തിലെ നാളികേരവുമില്ലാതെ ഒരു ശുഭകാര്യവും പൂര്‍ണമാകില്ല.”
ഉറങ്ങിക്കിടന്ന ഹൈന്ദവബോധത്തെ തൊട്ടുണര്‍ത്തുന്നതില്‍ ആ സമ്മേളനം വലിയ പങ്ക് വഹിച്ചു. അതോടെ അനേകം ഹൈന്ദവ ബിംബങ്ങളുടെ പുനഃസ്ഥാപനം നടന്നു. എല്ലാ വീട്ടിലും ‘ഓം’ എന്ന മുദ്രാവാക്യം യാഥാര്‍ത്ഥ്യമായി. വാച്ചിലും ബൈക്കിലുംകാറിലും വീട്ടിലും ‘ഓം’ സ്റ്റിക്കറുകള്‍ വ്യാപകമായി. ഉച്ചനീചത്വങ്ങള്‍ ഹിന്ദു വലിച്ചെറിഞ്ഞു. അബ്രാഹ്‌മണര്‍ക്കും പൂജക്കര്‍ഹതയുണ്ടെന്ന് പ്രഖ്യാപിച്ചു.
കര്‍ക്കിടകത്തെ ‘രാമായണമാസം’ ആയി പ്രഖ്യാപിച്ചു. മഴയും പട്ടിണിയും രോഗങ്ങളും നിറഞ്ഞ കര്‍ക്കിടക മാസത്തില്‍ മനസ്സിന് ആശ്വാസവും ആത്മബലവും ഈശ്വരചിന്തയും ലഭിക്കാന്‍ ഹിന്ദുക്കള്‍ വീടുകളില്‍ രാമായണം വായിക്കാറുണ്ടായിരുന്നെങ്കിലുംകര്‍ക്കിടകത്തെ ‘രാമായണമാസം’ ആക്കിയതും സാമൂഹ്യപ്രസ്ഥാനമാക്കി വളര്‍ത്തിയെടുത്തതും വിശാല ഹിന്ദുസമ്മേളനമാണ്.
വീണ്ടും കേരളം രാമനിലേക്കും രാമായണത്തിലേക്കും ധര്‍മത്തിന്റെ പാതയിലേക്കും തിരിയാന്‍ ആ സമ്മേളനം പ്രേരകമായി.
”ലോകോപകാരപ്രദമായ ഒരു ഉല്‍കൃഷ്ട കാവ്യരചനയ്‌ക്ക് പറ്റിയ പതിനഞ്ച് ഗുണങ്ങള്‍ ഉള്ള മാതൃകാ പുരുഷോത്തമന്‍ ഈ പ്രപഞ്ചത്തില്‍ ആരുണ്ട്” എന്ന മഹര്‍ഷി വാല്മീകിയുടെ ചോദ്യത്തിന് അതിന്റെ നാലിരട്ടി ഗുണങ്ങളുള്ള ഒരാളായി ദശരഥ മഹാരാജാവിന് കൗസല്യയിലുണ്ടായ രാമനേയാണ് നാരദമഹര്‍ഷി ചൂണ്ടിക്കാട്ടിയത്. ആ അറുപതു ഗുണങ്ങളുടെ വിളനിലവും ധര്‍മപ്രതീകവുമായ മഹാപുരുഷനെ അധികരിച്ചാണ് വാല്മീകി രാമായണ കാവ്യം രചിച്ചത്.
‘രാ’ മായുന്നതിന്- മനുഷ്യമനസിലെ ഇരുട്ടകലുന്നതിന്- രാമന്‍ എന്ന ധര്‍മാത്മാവിനെ പിന്തുടരുകതന്നെയാണ് ശ്രേഷ്ഠമായ വഴി.
രാമന്റെ അയനം രാമായണം. രാമന്റെ യാത്രയുംലക്ഷ്യവും ധര്‍മം തന്നെ. ഓരോ ഭാരതീയന്റെയും ധര്‍മസങ്കടങ്ങളില്‍ രക്ഷക്കെത്തുന്ന ശ്രീരാമന് പ്രണാമം.