India

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

Published by
അനീഷ് അയിലം

ന്യൂദല്‍ഹി: പാറ്റകളുടെ സമരവും സോനം വാങ്ചുകിന്റെ നിരാഹാരവും പ്രചരിപ്പിക്കാന്‍ വ്ളോഗര്‍മാരെയും മുന്‍നിര മാധ്യമങ്ങളെയും വിലയ്‌ക്കെടുത്തുവെന്ന ആരോപണം ബലപ്പെടുത്തുന്ന ഇ മെയില്‍ പുറത്ത്. സമരത്തിന് അനുകൂലമായി ഒരു റീലും വീഡിയോയും ചെയ്താല്‍ 65,000 രൂപ വരെയാണ് വാഗ്ദാനം. പൗരത്വ നിയമ ഭേദഗതിക്കെതിരേ ദല്‍ഹി ഷഹീന്‍ ബാഗില്‍ കലാപം അഴിച്ചുവിട്ടവരും അക്രമാസക്തമായ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയവരും ജന്തര്‍ മന്തറിലെ സമരപ്പന്തലില്‍, എത്തിയതും പ്രത്യേകം ശ്രദ്ധേയമാണ്.

അതിനിടെ കോക്രോച്ച് പാര്‍ട്ടി അഴിച്ചുവിട്ട കലാപത്തിന് ദല്‍ഹി പോലീസ് കേസെടുത്തു. ആസാദ് സിങ് എന്ന വ്ളോഗറാണ് ഒഫീഷ്യല്‍ അക്കൗണ്ടിലൂടെ തനിക്ക് ലഭിച്ച ഇ മെയിലിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ടത്. വാങ്ചുകിന്റെ നിരാഹാര സമരത്തിന്റെ കാമ്പയിന്‍ സന്ദേശം വ്യക്തമാക്കുന്ന ഓരോ റീലും വീഡിയോയും പബ്ലിഷ് ചെയ്താല്‍ 65,000 രൂപ നല്‍കാമെന്നാണ് വാഗ്ദാനം.

നൂറുകണക്കിന് വ്ളോഗര്‍മാരും യൂട്യൂബേഴ്സുമാണ് കോക്രോച്ച് പാര്‍ട്ടിക്ക് വേണ്ടി ഇറങ്ങിയത്. സമാന രീതിയില്‍ മുന്‍നിര മാധ്യമങ്ങളെയും സെലിബ്രിറ്റികളെയും തങ്ങള്‍ക്ക് അനുകൂല വാര്‍ത്തകളും പ്രസ്താവനകളും നല്‍കാന്‍ വിലയ്‌ക്കെടുത്തതായും സൂചനയുണ്ട്. കോക്രോച്ച് പാര്‍ട്ടി വലിയ അക്രമം നടത്തിയിട്ടും പോലീസിനെതിരായ വാര്‍ത്തകളും ചിത്രങ്ങളും മാത്രം വലിയ രീതിയില്‍ പ്രചരിപ്പിക്കുന്നതും സമരത്തിന് വലിയ പിന്തുണയുണ്ടെന്ന് കാണിക്കുന്നതും വിലയ്‌ക്കെടുക്കലാണെന്ന ആരോപണവും ഉയര്‍ന്നു. ഇ മെയില്‍ പുറത്ത് വന്നതോടെ കോക്രോച്ച് പാര്‍ട്ടിക്കായി വിദേശത്ത് നിന്നടക്കം വലിയ തോതില്‍ പണം എത്തുന്നുണ്ടെന്ന ആരോപണവും ബലപ്പെട്ടു.

വിഘടനവാദികള്‍ കൂട്ടത്തോടെ സമരപ്പന്തലില്‍ എത്തുന്നുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരേ ഷഹീന്‍ ബാഗില്‍ കലാപത്തിന് ശ്രമിച്ചവരുടെ സാന്നിധ്യം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സമരക്കാര്‍ക്കായി അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും നിരവധി ഭക്ഷണപ്പൊതികളാണ് എത്തുന്നത്. ഓണ്‍ലൈന്‍ ഫുഡ് പ്ലാറ്റ്ഫോംവഴി എത്തുന്ന ഭക്ഷണപ്പൊതികള്‍ സമരപ്പന്തലിന് സമീപം കൂട്ടിയിടുകയാണ്. ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ വന്‍തോതില്‍ പണമിടപാട് നടക്കുന്നുതായും സൂചനയുണ്ട്. സമരത്തിനെത്തുന്നവര്‍ക്ക് താമസ സൗകര്യം, യാത്രാ സൗകര്യം എന്നിവ സൗജന്യമാണ്. ഇതിലടക്കം രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recent Posts