കൊച്ചി: വഖഫ് ബോർഡ് സർക്കാരിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യല്‍ സിറ്റിങ് നടത്തുന്നതിന് ബോർഡിന് വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബോർഡ് രൂപീകരണത്തില്‍ പിഴവുണ്ടോയെന്ന് സർക്കാർ പരിശോധിക്കണം. വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
വഖഫ് ബോർഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്താമെന്ന സർക്കാർ നിലപാട് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ സർക്കാർ 11 അംഗ വഖഫ് ബോർഡില്‍ ഒമ്പത് അംഗങ്ങളെയാണ് നിയമിച്ചത്. വഖഫ് ഭേദഗതി നിയമപ്രകാരം രണ്ട് അംഗങ്ങള്‍ ഇതര മതസ്ഥരായിരിക്കണം. ഇത് ഒഴിച്ചിട്ടാണ് കഴിഞ്ഞ സർക്കാർ ബോർഡ് രൂപീകരിച്ചത്. ഈ രണ്ട് അംഗങ്ങളുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത് എന്നും ഹൈക്കോടതി ചോദിച്ചു.
















