ന്യൂദൽഹി: നീറ്റ് പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് വിഷയം ചർച്ചയ്‌ക്ക തയാറെന്ന് സർക്കാർ ലോക്‌സഭയിൽ പ്രസ്താവിച്ചു. പാർലമെന്റ് കാര്യമന്ത്രി കിരൺ റിജിജു ഈ വിഷയത്തിൽ സഭയിൽ വിശദീകരിച്ചു. സർക്കാർ ആദ്യംമുതലേ ചർച്ചയ്‌ക്ക് തയാറാണ്, അതായിരുന്നു നിലപാട്. പ്രതിപക്ഷമാണ് ബഹളം ഉണ്ടാക്കി തടസപ്പെടുത്തിയത്. എന്നാൽ, സർക്കാരിന് ഈ കാര്യത്തിൽ ഒന്നും ഒളിക്കാനില്ല. എടുത്ത നടപടികൾ രാജ്യത്തോട് പറയാൻ തയാറാണ്. ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലുള്ളതല്ല വിഷയം, വിദ്യാർത്ഥികളുടെ വിഷയമാണ്. അതിനാൽ സ്പീക്കർ സഭയിൽ തീരുമാനമറിയിക്കട്ടെ എന്നാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ച നടത്തണമെന്നാണ്പ്രതിപക്ഷം നിലപാട് പറഞ്ഞത്. മാത്രമല്ല, മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും അതിനു ശേഷമേ ചർച്ചയുള്ളുവെന്നുമായിരുന്നു നിലപാട്.
അതിനിടെ ഈ വിഷയത്തിൽ ചർച്ചകൾക്ക് തീരുമാനമെടുക്കുന്നത് കോൺഗ്രസ്സും സർക്കാരും തമ്മിൽ ചർച്ച നടത്തി ആയാൽ പോരാ എന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ലോക്‌സഭയിൽ പറഞ്ഞു. ഇത് പ്രതിപക്ഷത്തിനിടയിലെ ഭിന്നത പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഉച്ചയ്‌ക്ക് രണ്ടു മണിക്ക് വീണ്ടും ചേരാൻ ലോക്‌സഭ പിരിയുന്നതായി സ്പീക്കർ ഓംബിർല അറിയിച്ചു.
















