കൊച്ചി: താരസംഘടന അമ്മയിലെ പ്രശ്നങ്ങളിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ശ്വേതാ മേനോൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു.
താൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നു. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന അഴിമതി ആരോപണങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല. ചിലർ മാത്രം തനിക്കെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുന്നു. രാഷ്‌ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത്. വിട്ടുവീഴ്ചയ്‌ക്ക് ഇല്ലെന്നും പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ശ്വേതാ മേനോൻ പറഞ്ഞു.
കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുൻ നിർത്തി തന്നെ തുടർച്ചയായി അപമാനിക്കുന്നു. കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് സ്ഥാനാർഥികളെ കിട്ടാൻ എനിക്ക് കോടികൾ തന്നു എന്ന ആരോപണത്തിന് പിന്നിലുള്ള ലോജിക് എന്താണെന്നും ശ്വേത ചോദിച്ചു. താന്‍ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണെങ്കില്‍ അത് മറച്ച് വയ്‌ക്കേണ്ട കാര്യമില്ലെന്നും അതുവഴി തനിക്ക് നഷ്ടമൊന്നും ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഇതിനിടയിൽ എനിക്കെതിരെ ഉയർത്തുന്ന ചില ആരോപണങ്ങൾക്കും കൂടി മറുപടി പറയട്ടെ.
ഒന്നാമത്…
കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർത്ഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല.
Can someone please explain the logic behind this accusation? लॉजिक गया तेल लेने।
രണ്ടാമത്…
ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്?
അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ?
ഇല്ല.
ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്.
അവരിൽ ഒരാളും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.
ഞാൻ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ.
AMMAയിൽ രാഷ്‌ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടർച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യർഥന.
കാരണം, മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്‌ട്രീയത്തിനും അതീതമായാണ്.
ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്.
പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്.
പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന “അഴിമതി ആരോപണങ്ങൾ” പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല!!
എന്തായാലും, ഞാൻ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും AMMAയുടെ തലപ്പത്ത് വരില്ല. I will go any extent to make sure of that.
I will not be intimidated.
I will not be silenced.
I will not surrender.
I will not back down.
The truth deserves to be heard.
AMMA deserves better.
Shwetha Menon
President, AMMA
















