ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം. ബെംഗളൂരുവിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. ബെംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിലുള്ള മണിപ്പാൽ ആശുപത്രിയിൽ ബുധനാഴ്ച രാത്രിയാണ് ചെന്നമ്മയെ പ്രവേശിപ്പിച്ചത്. ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നു. എന്നാൽ ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ ഗുരുതരമായ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി
കേന്ദ്രഘനവ്യവസായ മന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയുടെ അമ്മയാണ്. എച്ച്.ഡി.ബാലകൃഷ്ണ ഗൗഡ, കർണാടക മുൻ മന്ത്രി എച്ച്.ഡി.രേവണ്ണ എംഎൽഎ, എച്ച്.ഡി.രമേഷ്, എച്ച്.ഡി.അനസൂയ, എച്ച്.ഡി. ശൈലജ എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: മുൻ എംഎൽഎ അനിത കുമാരസ്വാമി, ഹാസൻ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഭവാനി രേവണ്ണ, ബിജെപി എംപി ഡോ.സി.എൻ.മഞ്ജുനാഥ്.
















