ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് പോളിമര്‍ കറന്‍സികള്‍ അവതരിപ്പിച്ചേക്കും. പ്രാരംഭ ഘട്ടത്തില്‍ 10 രൂപ, 20 രൂപ എന്നീ കുറഞ്ഞ മൂല്യങ്ങളിലുള്ളവയായിരിക്കും അച്ചടിക്കുക.
രാജ്യത്ത് പോളിമര്‍ സബ്സ്ട്രേറ്റ് നിര്‍മ്മാണ സൗകര്യം സ്ഥാപിക്കുന്നതിനായി ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡ് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചതോടെയാണ് ഈ സൂചന പുറത്തുവന്നത്. പോളിമര്‍ നോട്ടുകള്‍ അച്ചടിക്കുന്ന സെക്യൂരിറ്റി-ഗ്രേഡ് പോളിമര്‍ സബ്സ്ട്രേറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യമുള്ള സാങ്കേതിക പങ്കാളികളെ തേടിക്കൊണ്ടുള്ളതാണ് ടെന്‍ഡര്‍.
നിലവില്‍ മിക്ക ഇന്ത്യന്‍ ബാങ്ക് നോട്ടുകളും സുരക്ഷാ സവിശേഷതകളുള്ള കോട്ടണ്‍ അധിഷ്ഠിത പേപ്പറിലാണ് അച്ചടിക്കുന്നത്. കറന്‍സി പ്രിന്റിംഗിനായി മാത്രമായി രൂപകല്‍പ്പന ചെയ്ത പ്രത്യേകം പ്ലാസ്റ്റിക് മെറ്റീരിയലാണ് പോളിമര്‍ നോട്ടുകളില്‍ ഉപയോഗിക്കുന്നത്. കൂടുതല്‍ കാലം ഈടു നില്‍ക്കുമെന്നതാണ് പോളിമര്‍ കറന്‍സികളുടെ പ്രധാന സവിശേഷത.
















