കൊട്ടാരക്കര: കേരളത്തിന്റെ തനതുകലാരൂപമായ കഥകളിയുടെ പൂര്‍വരൂപമായി അംഗീകരിക്കപ്പെടുന്ന രാമനാട്ടത്തിന്റെ ജന്മഭൂമിയായ കൊട്ടാരക്കരയുടെ ചരിത്രസ്മാരകങ്ങള്‍ സംരക്ഷണമില്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണെന്ന് കഥകളിപ്രേമികളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പരാതി. രാമനാട്ടത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളത്തിലെ കുളിക്കടവും പരിസരവും ഇന്ന് കാടുകയറി അവഗണനയിലാണ്.
മലയാള സാഹിത്യചരിത്രത്തിലും കേരളത്തിന്റെ ദൃശ്യകലാ പാരമ്പര്യത്തിലും കൊട്ടാരക്കരയ്‌ക്ക് അതുല്യമായ സ്ഥാനമാണുള്ളത്. കോഴിക്കോട്ടെ സാമൂതിരി മാനവേദന്‍ രാജാവ് രചിച്ച കൃഷ്ണനാട്ടം കാണാന്‍ കലാകാരന്മാരെ അയച്ചുതരണമെന്ന് ഇളയിടത്ത് സ്വരൂപത്തിലെ കൊട്ടാരക്കര തമ്പുരാന്‍ (വീരകേരളവര്‍മ്മ) അഭ്യര്‍ഥിച്ചെങ്കിലും അത് നിരസിക്കപ്പെട്ടതോടെയാണ് രാമായണത്തെ ആസ്പദമാക്കി പുതിയ ആട്ടക്കഥ രൂപപ്പെടുത്താന്‍ തമ്പുരാന്‍ തീരുമാനിച്ചതെന്നാണ് ചരിത്രം പറയുന്നത്.

പ്രാദേശിക ഐതിഹ്യമനുസരിച്ച്, ഇഷ്ടദേവനായ പടിഞ്ഞാറ്റിന്‍കര മഹാദേവനെ പ്രാര്‍ഥിച്ച ശേഷം കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളത്തിലെ ചെറിയ കുളിക്കടവില്‍ കുളിക്കാനെത്തിയ തമ്പുരാന്‍ കുളത്തിലെ ജലത്തില്‍ രാമനാട്ടത്തിലെ ശ്രീരാമന്റെ ദിവ്യരൂപം ദര്‍ശിച്ചു. തുടര്‍ന്ന് കൃഷ്ണനാട്ടത്തിന് ബദലായി രാമായണത്തെ ആസ്പദമാക്കി രാമനാട്ടം സൃഷ്ടിച്ചുവെന്നാണ് വിശ്വാസം.
സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട കൃഷ്ണനാട്ടത്തില്‍ നിന്ന് വ്യത്യസ്തമായി, സാധാരണ ജനങ്ങള്‍ക്കും ആസ്വദിക്കാനാകുന്ന വിധത്തില്‍ മണിപ്രവാള മലയാളത്തിലായിരുന്നു കൊട്ടാരക്കര തമ്പുരാന്‍ രാമനാട്ടത്തിന്റെ ആട്ടക്കഥകള്‍ രചിച്ചത്. ശ്രീരാമാവതാരം മുതല്‍ രാമന്റെ പട്ടാഭിഷേകം വരെയുള്ള രാമായണകഥയെ എട്ടു ഭാഗങ്ങളായാണ് അവതരിപ്പിച്ചത്. പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, രാമരാവണയുദ്ധം എന്നിവയാണ് പ്രധാന ഭാഗങ്ങള്‍. പിന്നീട് രാമനാട്ടം പരിണമിച്ചാണ് കഥകളി രൂപംകൊണ്ടത്. തുടര്‍ന്ന് മഹാഭാരതം ഉള്‍പ്പെടെയുള്ള ഇതിഹാസകഥകളും കഥകളിയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.
എന്നാല്‍ കഥകളിയുടെ പിറവിയുമായി ബന്ധപ്പെട്ട് ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള ക്ഷേത്രക്കുളവും കുളിക്കടവും ഇന്ന് സംരക്ഷണമില്ലാതെ കിടക്കുകയാണ്. കുളത്തിലേക്കുള്ള പഴയ നടപ്പാത ദേവസ്വം ബോര്‍ഡ് ഭിത്തി കെട്ടി അടച്ചതായും കുളം കാടുകയറി വൃത്തിഹീനമായ അവസ്ഥയിലാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
രാമനാട്ടത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട ഈ സ്ഥലവും കൊട്ടാരക്കരയുടെ പഴയ കൊട്ടാരസമുച്ചയത്തിന്റെ അവശിഷ്ടങ്ങളും സംരക്ഷിത ചരിത്രസ്മാരകങ്ങളായി പ്രഖ്യാപിക്കണമെന്നും ഇവിടെ രാമനാട്ടംകഥകളി പഠന-ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്നും കഥകളിപ്രേമികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ കുളത്തിനോട് ചേര്‍ന്നുള്ള പഴയ കെട്ടിടം ദേവസ്വം സഹകരണ സൊസൈറ്റിക്ക് വാണിജ്യ ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കിയിരിക്കുകയാണ്.
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ കഥകളിയുടെ വേരുകള്‍ തേടിയെത്തുന്ന ഗവേഷകര്‍ക്കും കലാസ്വാദകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ഈ ചരിത്രകേന്ദ്രം സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഉയരുന്ന ആവശ്യം.
















