കൊച്ചി: ലഹരിവേട്ടയായ ‘ഓപ്പറേഷൻ തൂഫാന്’ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാവിലെ 11. 30ന് ചെന്നൈയിലെത്തി ചെന്നിത്തല വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വാർത്താസമ്മേളനത്തിൽ പിന്തുണയെക്കുറിച്ച് ആഭ്യന്തരമന്ത്രി അറിയിച്ചത്.
കേരളത്തിൽ ഓപ്പറേഷൻ തൂഫാന്റെ ബ്രാൻഡ് അംബാസഡർ മോഹൻലാലിനൊപ്പം കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ വിജയിയെ രമേശ് ചെന്നിത്തല ക്ഷണിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ വിജയ് താൽപര്യം അറിയിച്ചെന്ന് പറഞ്ഞ ചെന്നിത്തല മോഹൻലാലും വിജയും ചേർന്ന് അഭിനയിച്ച ‘ജില്ല’ എന്ന സിനിമയുടെ പേരും എടുത്തുപറഞ്ഞു.
കേരള – തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കടുപ്പിക്കും. ഇരുസംസ്ഥാനങ്ങളിലെയും പോലീസ് സംവിധാനങ്ങൾ ലഹരി മാഫിയയെ തകർക്കാൻ കൈകോർക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്ച കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും ബംഗളുരുവിലെത്തി ചെന്നിത്തല കണ്ടിരുന്നു.
തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിലെ പോലീസും കേന്ദ്ര ഏജൻസികളുമായും ചേർന്നുള്ള ഓപ്പറേഷനാണ് ഇനി നടക്കുകയെന്നാണ് ആഭ്യന്തരമന്ത്രി അറിയിച്ചിരിക്കുന്നത്.
















