കരുനാഗപ്പള്ളി: ശ്രീ നീലകണ്ഠ തീര്‍ത്ഥപാദസ്വാമി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രഥമ തീര്‍ത്ഥസ്വാമി സാഹിതീ പുരസ്‌കാരം ഗവേഷകനും എഴുത്തുകാരനുമായ ഡോ. സുരേഷ് മാധവിന്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം 20ന് കരുനാഗപ്പള്ളി പുതിയകാവ് ഋഷി മണ്ഡപത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ സമ്മാനിക്കും. ആത്മീയ ചരിത്ര ഗവേഷണരംഗത്തെ സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം.
പന്തളം എന്‍എസ്എസ് കോളജിലെ മലയാള വിഭാഗം അദ്ധ്യാപകനായ ഡോ.സുരേഷ് മാധവിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത് പ്രൊഫ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, പ്രൊഫ.ജെ.ലളിത, ഡോ. സുകുമാര്‍ കാനഡ എന്നിവരടങ്ങുന്ന സമിതിയാണ്. നിരവധി നവോത്ഥാന നായകരെ സംഘടനാ രംഗത്തേയ്‌ക്ക് നയിച്ച വേദഗുരു സദാനന്ദസ്വാമികളുടെ ആദ്യത്തെ ആധികാരിക ജീവചരിത്രം എഴുതിയത് സുരേഷ് മാധവാണ്. ചട്ടമ്പിസ്വാമികള്‍, ശ്രീ നാരായണഗുരു, അയ്യന്‍കാളി, തപസ്വി ഓമല്‍, വാഗ്ഭടാനന്ദഗുരു തുടങ്ങിയ മഹാത്മാക്കളുടെ അപൂര്‍വ രേഖകള്‍ പുറത്തുകൊണ്ടുവന്നു. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് 1926ല്‍ ടി.കെ.മാധവന്‍ നടത്തിയ വിശദീകരണപ്രസംഗം കണ്ടെടുത്ത് പ്രസിദ്ധീകരിച്ചതും ഹരിവരാസനം പാട്ടിന്റെയും രാമസന്ധ്യാനാമത്തിന്റെയും രചനാ ചരിത്രം വെളിച്ചത്ത് കൊണ്ടുവന്നതും ഡോ. സുരേഷ് മാധവ് ആണ്.











