കൊച്ചി : മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കിയതിന് ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ഡോ. ഹബ്‌നക്കെതിരെ ആണ് കേസെടുത്തിരിക്കുന്നത്. ആലുവ തൊട്ടുമുഖം സ്വദേശികളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത് .അഞ്ച് കിലോ ഭാരമുമുള്ള കുഞ്ഞിന് 10 കിലോ ഭാരത്തിനുളള മരുന്നാണ് കുറിച്ചത്. മരുന്നു കഴിച്ച കുഞ്ഞിനെ ആലുവ രാജഗിരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ ആണ് കേസിനാധാരമായ സംഭവം നടന്നത്. മൂന്നാം മാസത്തെ വാക്‌സിനു ശേഷമുള്ള പനി നിയന്ത്രിക്കാനാണ് പാരസെറ്റമോള്‍ നല്‍കിയത്. പിന്നീട് ജില്ലാ ആശുപത്രി അധികൃതരുമായി ചര്‍ച്ചയ്‌ക്ക് ശ്രമിച്ചങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡോക്ടര്‍ തെറ്റായി രേഖപ്പെടുത്തിയതിനാലാണ് പാരസെറ്റമോള്‍ കൂടുതല്‍ അളവില്‍ നല്‍കിയത്. ഡോക്ടറോട് സംസാരിക്കാന്‍ കുടുംബം ശ്രമിച്ചെങ്കിലും ഡോക്ടര്‍ ചര്‍ച്ചയ്‌ക്ക് തയാറായില്ല.















