കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയുമായി റെയിൽവേ പൊലീസും ഡാൻസാഫ് സംഘവും. ട്രെയിൻ പരിശോധനയ്‌ക്കിടെ വിപണിയിൽ ഏകദേശം 19.8 ലക്ഷം രൂപ വിലമതിക്കുന്ന 66 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുർഷിദാബാദ് സ്വദേശികളായ എസ്.കെ. ഹസിബുൽ (20), റുബെൽ മൊണ്ടാൽ (28) എന്നിവരും ഇവരുടെ കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരനുമാണ് പിടിയിലായത്.
കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന പുണെ എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിലും കംപാർട്ട്‌മെന്റിലുമായി സൂക്ഷിച്ചിരുന്ന മൂന്ന് ചാക്കുകെട്ടുകളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ 5.10-ന് കോട്ടയത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ അരമണിക്കൂർ നേരത്തെ എത്തിയതാണ് പൊലീസിന് വിശദമായ പരിശോധന നടത്താൻ വഴിതുറന്നത്.
ഒളിച്ചുകടത്താൻ പുതപ്പും പാറ്റ ഗുളികയും; ലക്ഷ്യം എറണാകുളം
ബംഗാൾ – ഒഡീഷ അതിർത്തി മേഖലയിൽ നിന്നാണ് സംഘം കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവിന്റെ രൂക്ഷമായ ഗന്ധം പുറത്തുവരാതിരിക്കാൻ ചാക്കിനുള്ളിൽ കട്ടിയുള്ള കമ്പിളിപ്പുതപ്പുകളും പാറ്റ ഗുളികകളും നിറച്ചായിരുന്നു കടത്ത്. അവിടെ കിലോയ്‌ക്ക് 3,000 രൂപ നിരക്കിലാണ് പ്രതികൾ ഇത് വാങ്ങിയതെന്നാണ് വിവരം.
പ്രതികൾ എറണാകുളത്തേക്കായിരുന്നു യാത്രയ്‌ക്കുള്ള ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ എറണാകുളത്ത് കനത്ത പൊലീസ് പരിശോധനയുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന്, ബംഗാൾ സ്വദേശിയായ ഇടനിലക്കാരൻ ഇവരോട് കോട്ടയത്ത് ഇറങ്ങാൻ നിർദേശിക്കുകയായിരുന്നു. കോട്ടയത്തെത്തി അടുത്ത നിർദേശത്തിനായി ട്രെയിനിൽ കാത്തിരിക്കുന്നതിനിടെയാണ് പ്രതികൾ വലയിലായത്. ഇതേ സംഘം മുൻപും രണ്ട് തവണ എറണാകുളത്തേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
പിടിയിലായവർ കേവലം കാരിയർമാർ മാത്രമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വാട്സാപ്പ് വീഡിയോ കോൾ വഴിയാണ് പ്രധാന ഇടപാടുകാരൻ പ്രതികളുമായി ആശയവിനിമയം നടത്തിയിരുന്നത്. കഞ്ചാവ് ആർക്കാണ് കൈമാറേണ്ടതെന്ന വിവരം കാരിയർമാർക്ക് നൽകിയിരുന്നില്ല. നിർദിഷ്ട സ്ഥലത്ത് കഞ്ചാവ് എത്തിച്ചു നൽകുമ്പോൾ മാത്രമാണ് ഇവർക്ക് പ്രതിഫലം ലഭിക്കുക.
സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് സി. നായർ, റെയിൽവേ ഡാൻസാഫ് (DANSAF) ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എക്സൈസ് ഇന്റലിജൻസ് വിഭാഗവും സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ പ്രധാന സൂത്രധാരനെയhide കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
















