ലോസ് ആഞ്ചലസ്: ബെല്‍ജിയത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള റൊമേലു ലുക്കാക്കു, ലോക ഫുട്ബോളില്‍ ഏറ്റവും മികച്ച മദ്ധ്യനിര താരങ്ങളില്‍ ഒരാളായ കെവിന്‍ ഡിബ്രൂയിനെ, ഒന്നാന്തരം ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ തിബോ കോര്‍ത്വ എന്നീ മൂന്ന് താരങ്ങളെയാണ് ലോകകപ്പ് 2026നോട് ബെല്‍ജിയം വിടപറയുന്നതോടെ അന്താരാഷ്‌ട്ര ഫുട്ബോളിന് നഷ്ടമാകുന്നത്.
അതെ, അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്നും ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ പൂര്‍ണമായും മറയുകയാണ്. എട്ട് വര്‍ഷം മുമ്പ് 2018ലെ റഷ്യന്‍ ലോകകപ്പിലൂടെ ലോക ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ ക്രൊയേഷ്യയ്‌ക്കൊപ്പം ഇടംപിടിച്ച മറ്റൊരു ടീം ആയിരുന്നു ബെല്‍ജിയം. എഡെന്‍ ഹസാര്‍ഡ്, വിന്‍സെന്റ് കൊംപാനി, യാന്‍ വെര്‍ട്ടോന്‍ഗന്‍, ഡ്രയീസ് മെര്‍ട്ടെന്‍സ്, തോമസ് വെര്‍മയിലെന്‍ എന്നിവര്‍ പല അവസരങ്ങളിലായി ടീം വിട്ടുപോയി. അവശേഷിച്ച താരങ്ങളില്‍ മൂന്നേ മൂന്ന് പേര്‍ മാത്രമാണ് ഇക്കുറി വടക്കേ അമേരിക്കയിലെത്തിയ ചുവപ്പ് കുപ്പായക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നത്- ലുക്കാക്കു, ഡിബ്രൂയിനെ, കോര്‍ത്വ.
ഇവരില്‍ ലുക്കാക്കുവും ഡിബ്രൂയിനെയും അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നതായി സൂചനകള്‍ നല്‍കി കഴിഞ്ഞു. ഇപ്പോള്‍ 34-ാം വയസിലെത്തിയ കോര്‍ത്വ നിലനിന്നാലും അടുത്ത ലോകകപ്പില്‍ കാണുമെന്ന് ഒരു ഉറപ്പും പറയാനാകില്ല. 2012 വരെ പ്രധാന ടൂര്‍ണമെന്റുകളില്‍ ഒന്നില്‍ പോലും യോഗ്യത നേടാന്‍ സാധിക്കാതിരുന്ന ടീം ആയിരുന്നു ബെല്‍ജിയം. പിന്നീടാണ് ഹസാര്‍ഡിന് കീഴില്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ രൂപപ്പെട്ടത്. ഇതിലേക്ക് മറ്റ് താരങ്ങളെല്ലാം ഉയര്‍ന്ന് വന്നുകൊണ്ടിരുന്നു. 2018 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കുമ്പോഴേക്കും സുവര്‍ണ തലമുറയും തയ്യാറെടുത്തു കഴിഞ്ഞിരുന്നു.
















