തിരുവനന്തപുരം: സുഹൃത്തുക്കളോടൊപ്പം നെയ്യാറില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി. തെക്കേ കൊട്ടാരം തോപ്പില്‍ വിളാകത്ത് വീട്ടില്‍ കൃഷ്ണചന്ദ്രന്‍ (43) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ തിരുവനന്തപുരം സ്‌കൂബ ഡൈവിംഗ് ടീമാണ് മൃതദേഹം കണ്ടെടുത്തത്.
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കടവിനോട് ചേര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ അപകടം. വീടിന് സമീപം ആറില്‍ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ കൃഷ്ണചന്ദ്രന്‍ പെട്ടെന്ന് കയത്തില്‍ മുങ്ങിപ്പോവുകയുമായിരുന്നു.സുഹൃത്തുക്കളും നാട്ടുകാരും ഉടന്‍ തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെട്ടു.
തുടര്‍ന്ന് നെയ്യാറ്റിന്‍കര പൊലീസും അഗ്നിരക്ഷാ സേനയും സ്‌കൂബ ടീമും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയായിരുന്നു.എന്നാല്‍ ഇന്ന് രാവിലെയാണ് അപകടം നടന്ന കടവില്‍ നിന്നും ഏകദേശം 600 മീറ്റര്‍ മാറി പുഴയില്‍ മൃതദേഹം കണ്ടത്.വെള്ളത്തില്‍ വീണുകിടന്ന വലിയ മരത്തിന്റെ അടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
















